പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചു. മകൻ തേജ് പ്രതാപ് യാദവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ അനുവദിച്ചത്.
മുൻ ആർ.െജ.ഡി ആരോഗ്യ മന്ത്രി ചന്ദ്രിക റായിയുടെ മകൾ െഎശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്. ഈ മാസം 12നാണ് വിവാഹം. ഏപ്രിൽ 18ന് ഇവരുടെ വിവാഹം നിശ്ചയം നടന്നിരുന്നു. അന്ന് ലാലു ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ലാലുവിന്‍റെ അഭാവത്തിൽ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം തേജ് പ്രതാപ് വികാര നിർഭര ട്വീറ്റ് പങ്കുവെച്ചിരുന്നു.
10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ലാലു പട്നയിലുണ്ടാകും. റാഞ്ചിയിലെ സി.ബി.ഐ പ്രത്യക കോടതിയാണ് മൂന്നു കാലിത്തീറ്റ കംഭകോണ കേസുകളില്‍ ലാലുവിനെ ശിക്ഷിച്ചത്. കേസില്‍ ആരോപണവിധേയനായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുള്‍പ്പടെ 6 പേരെ കോടതി വെറുതെവിട്ടിരുന്നു. അസുഖ ബാധിതനായതിനാല്‍ ഝാര്‍ഖണ്ഡിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു.