'കള്ളന്മാർ ലണ്ടനിൽ’; യു.കെ ക്ലബിൽ പാട്ടും കൂത്തുമായി ലളിത് മോദിയും വിജയ് മല്യയും; ആഘോഷ ടിക്കറ്റ് നിരക്ക് 1.18 ലക്ഷം രൂപ
text_fieldsലളിത് മോദിയുടെ ലണ്ടനിലെ വർണാഭമായ ജന്മദിനാഘോഷപാർട്ടി മാധ്യമങ്ങളിൽ ട്രെൻഡിങ് ആകുകയാണ്. 63 വയസ് തികഞ്ഞ മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മേധാവി ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ലണ്ടനിൽ താമസിക്കുന്ന വിജയ് മല്യയാണ് ലളിത് മോദി ക്ഷണിച്ച പ്രമുഖരായ അതിഥികളിൽ ഒരാൾ.
ലണ്ടനിലെ മെയ്‌ഫെയറിലെ പ്രശസ്തമായ മാഡോക്സ് ക്ലബ്ബിലാണ് പാർട്ടി നടന്നത്. ക്ലബിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1.18 ലക്ഷം മുതലാണ്. കേക്ക് മുറിക്കുന്നതിന്റെയും സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നതിന്റെയും വിഡിയോയും മോദി പങ്കിട്ടു. "ഹാപ്പി ബർത്ത്ഡേ, ലളിത്. പുഞ്ചിരികളുടെ രാജാവ്" എന്ന ഗാനത്തോടൊപ്പമായിരുന്നു വിഡിയോ.
"എന്റെ ജന്മദിനത്തിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം മനോഹരമായ ഒരു നൃത്ത വാരാന്ത്യം. @rima1b, എന്റെ ജീവിതത്തിലെ പ്രണയം, നിങ്ങൾ എത്ര മനോഹരമായ ഒരു പാർട്ടി സംഘടിപ്പിച്ചു," എന്നാണ് മോദി ഇൻസ്റ്റാഗ്രാമിൽ എഴുതിയത്.
ഇതിനുമുൻപ് ജൂലൈയിലും ലളിത് മോദി ലണ്ടൻ പാർട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പങ്കുവെച്ചിരുന്നു. വിജയ് മല്യക്കൊപ്പം കരോക്കെ സെഷനിൽ പങ്കെടുക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മുൻ താരം ക്രിസ് ഗെയ്‌ലും പാർട്ടിയിൽ പങ്കെടുത്തിരുന്നു. മുൻപ് തന്നെ മല്യയെ ഏറ്റവും അടുത്ത സുഹൃത്ത് എന്നായിരുന്നു വിശേഷപ്പിച്ചത്.ൃ. മല്യയും മോദിയെ തന്റെ 'പ്രിയപ്പെട്ട സുഹൃത്ത്' എന്നാണ് വിളിച്ചത്.
നേരത്തേയും ആഡംബര പാർട്ടിയിൽ ഒരുമിച്ച് പാട്ടുപാടി ഇന്ത്യയിൽ നിന്ന് മുങ്ങിയ ലളിത് മോദിയും വിജയ് മല്യയും ആഘോഷിച്ചിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദി തന്നെ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
310 അതിഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ലളിത് മോദിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പരിപാടിക്കെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അതിഥികളെത്തിയത്.
നേരത്തെ ലളിത് മോദി വാന്വാട്ട് പൗരത്വം സ്വീകരിച്ചിരുന്നു. 80 ദ്വീപുകളുടെ കൂട്ടമാണ് വാന്വാട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപുള്ളിയാണ് മോദി. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫീസിൽ പാസ്പോർട്ട് തിരിച്ച് നൽകാനായി ലളിത് മോദി അപേക്ഷ നൽകുകയും ചെയ്തിരുന്നു.
2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇതിന് ശേഷം ലണ്ടനിലാണ് ലളിത് മോദി കഴിഞ്ഞിരുന്നത്. ഗോൾഡൻ വിസ പദ്ധതി പ്രകാരമാണ് ലളിത് മോദിക്ക് വാന്വാട്ട് പൗരത്വം നൽകിയത്. ആസ്ട്രേലിയക്കും ഫിജിക്കും ഇടയിലാണ് വാന്വാട്ട് സ്ഥിതി ചെയ്യുന്നത്. ബാങ്കുകളെ കബളിപ്പിച്ചാണ് വിജയ് മല്യയും ലണ്ടനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

