
ജെ.ഡി.യുവിൽ നേതൃമാറ്റം; ലലൻ സിങ് പുതിയ ദേശീയ അധ്യക്ഷൻ
text_fieldsപട്ന: ലോക്സഭ എം.പി രാജീവ് രജ്ഞൻ സിങ് അഥവാ ലലൻ സിങ് ഇനി ജെ.ഡി.യു ദേശീയ അധ്യക്ഷൻ. ഡൽഹിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് നേതൃമാറ്റ പ്രഖ്യാപനം.
അധ്യക്ഷനായിരുന്ന ആർ.സി.പി സിങ് കേന്ദ്രമന്ത്രിയായതോടെ പാർട്ടി സ്ഥാനം ഒഴിഞ്ഞതാണ് ലലൻ സിങ്ങിനെ തെരഞ്ഞെടുക്കാൻ കാരണം. ആർ.സി.പി. സിങ് തന്നെയാണ് ലലൻ സിങ്ങിന്റെ പേര് നിർദേശിച്ചതും. ലലൻ സിങ്ങിനെ പിന്നീട് ഒറ്റക്കെട്ടായി നേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽ സന്നിഹിതനായിരുന്നു.
മുൻഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ് ലലൻ സിങ്. പാർട്ടിയുടെ നാലാമത്തെ അധ്യക്ഷനാണ് ഇദ്ദേഹം. ശരദ് യാദവ്, നിതീഷ് കുമാർ, ആർ.സി.പി. സിങ് എന്നിവരാണ് മുൻഗാമികൾ.
2005 മുതൽ 2010 ഫെബ്രുവരി വരെ ജെ.ഡി.യുവിന്റെ ബിഹാർ സംസ്ഥാന അധ്യക്ഷനുമായിരുന്നു ഇദ്ദേഹം.
നരേന്ദ്രമോദി മന്ത്രിസഭ വിപുലീകരണത്തിൽ ആർ.സി.പി സിങ്ങിനൊപ്പം ലലൻ സിങ്ങിനെയും നിതീഷ് കുമാർ ശിപാർശ ചെയ്തിരുന്നു. ജെ.ഡി.യുവിന് ഒരു േകന്ദ്രമന്ത്രിസ്ഥാനം മാത്രം ലഭിച്ചതോടെ ആർ.സി.പി സിങ്ങിന് നറുക്ക് വീണു. നിതീഷ് കുമാറിന്റെ വിശ്വസ്തനായ ലലൻ സിങ് പാർട്ടിയുടെ തന്ത്രജ്ഞനായാണ് അറിയപ്പെടുന്നത്.
