ദ്വീപുകാർക്ക് വോട്ടുശങ്ക
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് കപ്പലിൽ ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാകുമോയെന്ന ആശങ്കയിലാണ് കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികൾ. പഠനം, ചികിത്സ, ജോലി ആവശ്യാർഥം കേരളത്തിലെത്തിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ടത്തിലാണ് ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 22 വരെയുള്ള കപ്പല്‍ സര്‍വിസുകള്‍ക്ക് ബുക്കിങ് തുടങ്ങിയെങ്കിലും പലര്‍ക്കും ടിക്കറ്റ് കിട്ടിയിട്ടില്ലെന്നാണ് ആരോപണം. നിലവില്‍ മുഴുവന്‍ ടിക്കറ്റുകളും ഓണ്‍ലൈനായാണ് നല്‍കുന്നത്. സോഫ്റ്റ്‌വെയറിലെ തകരാര്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാൽ പലര്‍ക്കും പേമെൻറ് വരെയെത്തി ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകുന്നുവെന്ന് ദ്വീപ് നിവാസികൾ പറയുന്നു. ഫാമിലി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചിലരുടെ ടിക്കറ്റുകള്‍ ബുക്കിങ്ങാകാത്ത സ്ഥിതിയുമുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് ടിക്കറ്റ് ബുക്കിങ് ചുമതല വഹിക്കുന്നത്. പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും ന്യൂനതകൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അവർ പറയുന്നു.
എം.വി കോറല്‍സ്, അറേബ്യന്‍ സീ, എം.വി ലഗൂണ്‍സ്, എം.വി കവരത്തി കപ്പലുകളാണ് ദ്വീപിലേക്ക് സര്‍വിസ് നടത്തുന്നത്. മൂവായിരത്തിലേറെ വോട്ടര്‍മാര്‍ നിലവില്‍ ദ്വീപിന് പുറത്തുണ്ടെന്നും ഇതില്‍ ആയിരത്തോളം പേര്‍ക്ക് ഇപ്പോഴും ടിക്കറ്റ് ഉറപ്പായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ലക്ഷദ്വീപ് പ്രസിഡൻറ് അലി അക്ബര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ദ്വീപുകള്‍ തമ്മില്‍ സര്‍വിസ് നടത്തുന്ന ചെറുകപ്പലുകള്‍ അധിക സര്‍വിസിനായി ഉപയോഗിക്കാമെങ്കിലും അക്കാര്യം ഭരണകൂടം പരിഗണിക്കുന്നില്ല. ദ്വീപില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണ് പലരും ചികിത്സ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വന്‍കരകളിലേക്ക് പോവുന്നത്. ഇവര്‍ക്ക് വോട്ടിങ് സൗകര്യം ഒരുക്കാനുള്ള ഉത്തരവാദിത്തം ദ്വീപ് ഭരണകൂടത്തിനുണ്ട്. എന്നാല്‍, പോളിങ് കൂട്ടാന്‍ നടപടിയെടുക്കാതെ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് ഭരണകൂടത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു. ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ലക്ഷദ്വീപിൽ ജയപരാജയങ്ങൾ ഉണ്ടാകുന്നതെന്നതിനാൽ ഓരോ വോട്ടും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

