ദത്തെടുക്കൽ ലളിതമാക്കണമെന്ന് സുപ്രിം കോടതി: 'ദത്തിനായി ലക്ഷക്കണക്കിന് കുട്ടികൾ കാത്തിരിക്കുന്നു'
text_fieldsന്യൂഡൽഹി: ദത്തെടുക്കാൻ മൂന്നും നാലും വർഷം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ദത്തെടുക്കൽ പ്രക്രിയ കാര്യക്ഷമമാക്കണമെന്ന് സുപ്രീം കോടതി. 'ദ ടെംപിൾ ഓഫ് ഹീലിംഗ്' എന്ന എൻ.ജി.ഒ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം.
രാജ്യത്ത് ലക്ഷോപലക്ഷം കുട്ടികളാണ് ദത്തിനായി കാത്തിരിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ കീഴിൽ കുട്ടികളെ ദത്തെടുക്കാനായി നിരവധി യുവദമ്പതിമാർ കാത്തിരിക്കുമ്പോഴാണ് ഈ സാഹചര്യം. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ മൂന്നും നാലും വർഷം കാത്തിരിക്കേണ്ടി വരുന്നത് മടുപ്പുളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളെ ദത്തെടുക്കാനായി മൂന്നും നാലും വർഷം കാത്തിരിക്കുന്നത് ചിന്തിക്കാൻ കഴിയുമോ എന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിറ്റർ ജനറൽ കെ.എം നടരാജയോട് ആരാഞ്ഞ കോടതി, ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കണമെന്നും നിർദേശിച്ചു. ദത്തെടുക്കൽ സംബന്ധിച്ച എൻ.ജി.ഒയുടെ നിർദ്ദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ബെഞ്ച് ശിശുവികസന മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രസർക്കാർ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ. എസ് ബൊപ്പണ്ണ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്ത് പ്രതിവർഷം 4,000 ദത്തെടുക്കലുകളാണ് നടക്കുന്നത്. ഏപ്രിൽ 11നാണ് ദത്ത് നടപടി ലളിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

