ബദായൂനിലെ യുവതിയെ മാനഭംഗപ്പെടുത്തിയത് ബി.ജെ.പിക്കാരനായ മുൻ ആഭ്യന്തര സഹമന്ത്രി
text_fieldsകാൺപുർ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ബലാത്സംഗത്തിനിരയായ യുവതി യോഗി ആദിത്യനാഥ് സർക്കാറിൽനിന്ന് നീതിതേടി അലയുേമ്പാൾ ബദായൂനിൽനിന്ന് മറ്റൊരു യുവതിയും ഇതേ ആവശ്യവുമായി രംഗത്ത്. തന്നെ ബലാത്സംഗത്തിനിരയാക്കിയ മുൻ കേന്ദ്രമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് 39കാരിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഉത്തർപ്രദേശ് ഗവർണർ രാംനായിക്കിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും പരാതി നൽകിയത്.
വിഡിയോ സന്ദേശമായും പരാതി അയച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയും മൂന്നുവട്ടം ബി.ജെ.പി എം.പിയുമായിരുന്ന സ്വാമി ചിന്മയാനന്ദ് 2011ലാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ഇയാൾക്കെതിരായ കേസ് പിൻവലിക്കാനുള്ള നീക്കത്തിലാണ് യോഗി സർക്കാറെന്നും യുവതി പരാതിയിൽ ആരോപിച്ചു. പ്രതിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തെൻറ സത്യവാങ്മൂലം കോടതിയിലുണ്ട്. ഇതിൽ ഉത്തരവ് വരുന്നതിനു മുൻപേ കേസ് ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യുവതി പറഞ്ഞു.
2011ൽ ഷാജഹാൻപുർ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് ചിന്മയാനന്ദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതേ തുടർന്ന് അലഹബാദ് ഹൈകോടതിയിൽനിന്ന് ഇദ്ദേഹം സ്റ്റേ വാങ്ങിയതിനാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. അതേസമയം, ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ബലാത്സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിൽ ഇതുവരെ നടപടിയെടുക്കാൻ യോഗി സർക്കാർ തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ എം.എൽ.എയുടെ സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017 ജൂണിലാണ് സെങ്കാർ ഉന്നാവോയിലെ യുവതിയെ മാനഭംഗപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
