ലേഡി ഡോൺ മമ്മി ബഷീരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ വനിതാ കുറ്റവാളി 'മമ്മി' എന്നറിയപ്പെടുന്ന ബഷീരൻ അറസ്റ്റിൽ. രാജ്യ തലസ്ഥാനത്തെ സംഘം വിഹാർ മേഖലയിൽ നിന്നാണ് ഡൽഹി പൊലീസ് മമ്മിയെ പിടികൂടിയത്. സംഘം വിഹാറിൽ മമ്മി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
62കാരിയായ മമ്മി 113 കേസുകളിൽ പ്രതിയാണ്. സംഘം വിഹാറിലെ കെ ബ്ലോക്കിൽ നിന്ന് കൊല്ലപ്പെട്ട ആളുടെ അഴുകിയ മൃതദേഹം 2017 സെപ്റ്റംബറിൽ കണ്ടെടുത്തിരുന്നു. ഈ കൊലപാതക കേസിൽ പ്രതിയായതോടെ കഴിഞ്ഞ ഒമ്പത് മാസമായി മമ്മി ഒളിവിലായിരുന്നു.
എട്ട് മക്കളോടൊപ്പം കൊലപാതകം, മോഷണം, കവർച്ച, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ്. കഴിഞ്ഞ 16 വർഷമായി ബഷീരൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരുന്നതായി സൗത്ത് ഡിസ്ട്രിക് ഡി.സി.പി റോമിൽ ബനിയ മാധ്യമങ്ങളെ അറിയിച്ചു.
ഒമ്പതു വർഷങ്ങളായി ക്രിമിനൽ കുറ്റങ്ങളിൽ മക്കളെ സഹായിക്കുന്നുണ്ട്. മക്കൾക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം അടക്കം 42 കേസുകൾ നിലവിലുണ്ട്. നാലു മക്കൾ ഒളിവിലും രണ്ടു പേർ ജയിലിലും മൂന്നു പേർ ജാമ്യത്തിലുമാണ്.
