Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിന് പുതിയ...

ലഡാക്കിന് പുതിയ ഭരണരൂപം; ഏഴ് ജില്ലകൾക്കും ഹിൽ കൗൺസിൽ, ആർട്ടിക്കിൾ 371 മാതൃകയിൽ പ്രത്യേക സംരക്ഷണം

text_fields
bookmark_border
ലഡാക്കിന് പുതിയ ഭരണരൂപം; ഏഴ് ജില്ലകൾക്കും ഹിൽ കൗൺസിൽ, ആർട്ടിക്കിൾ 371 മാതൃകയിൽ പ്രത്യേക സംരക്ഷണം
cancel
camera_alt

ലഡാക്കിൽ നിന്നുള്ള ദൃശ്യം

ലഡാക്ക്: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രൂപംനൽകിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ, ഭരണവികേന്ദ്രീകരണം നടപ്പാക്കുന്നു. ലഡാക്കിലെ ഏഴ് ജില്ലകളിലും സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര അറിയിച്ചു.

ഹിൽ കൗൺസിലുകൾക്ക് പുറമേ, ഇവക്കു മുകളിൽ യൂനിയൻ ടെറിറ്ററി സമിതിക്കും രൂപംനൽകും. ആർട്ടിക്കിൾ 371 മാതൃകയിൽ നിയമനിർമാണം, ഭരണനിർവഹണം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ പ്രത്യേക അധികാരങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഈ സംവിധാനം. ഇതിലൂടെ പ്രാദേശിക ജനപങ്കാളിത്തം വർധിപ്പിക്കാനും മേഖലയുടെ സന്തുലിത വികസനം ഉറപ്പാക്കാനും സാധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

നേരത്തേ, ലഡാക്കിലെ ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകളിൽ മാത്രമാണ് സ്വയംഭരണ കൗൺസിലുകൾ ഉണ്ടായിരുന്നത്. 2026 ഏപ്രിലിൽ ഷാം, നുബ്ര, ചാങ്താങ്, സൻസ്കാർ, ദ്രാസ് എന്നീ അഞ്ച് പുതിയ ജില്ലകൾ കൂടി രൂപവത്കരിച്ചതോടെ ആകെ ജില്ലകളുടെ എണ്ണം ഏഴായി.

ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഓരോ ജില്ലക്കും കൗൺസിൽ രൂപവത്കരിക്കാനാകും. ഇതിന് ആവശ്യമായ നിയമഭേദഗതികളും മണ്ഡല പുനർനിർണയ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. രാജ്യത്തെ നിലവിലുള്ള മറ്റ് പ്രത്യേക ഭരണ സംവിധാനങ്ങളിലെ മികച്ച മാതൃകകൾ ഉൾപ്പെടുത്തിയുള്ള പുതിയ രീതിയായിരിക്കും ലഡാക്കിൽ നടപ്പാക്കുകയെന്നും ആശിഷ് കുന്ദ്ര വ്യക്തമാക്കി.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി ഏഴ് വർഷത്തിന് ശേഷമാണ് പുതിയ ഭരണരൂപത്തിനുള്ള നീക്കം. പ്രാദേശിക സംസ്കാരം, ഭൂമി അവകാശം, തൊഴിൽ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഭരണഘടനാപരമായ ഉറപ്പുകൾ വേണമെന്ന ആവശ്യം ലഡാക്കിൽ നേരത്തെയും ഉയർന്നിരുന്നു.

ആർട്ടിക്കിൾ 371 പ്രകാരമുള്ള പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയും കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ പ്രത്യേക ഭരണഘടനാ സംരക്ഷണത്തിനുള്ള ധാരണയിലെത്തിയതിന്റെ ഭാഗമായാണ് പുതിയ ഭരണരൂപം നിലവിൽ വരുന്നത്.

അതേസമയം, ജൂണിൽ ലഡാക്ക് സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വൻ വര്‍ധന രേഖപ്പെടുത്തി. 2025 ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം 43.48 ശതമാനമാണ് വര്‍ധനയെന്ന് സെക്രട്ടേറിയറ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂണില്‍ ആകെ 1,07,740 പേരാണ് ലഡാക്ക് സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ മാസത്തില്‍ ഇത് 75,089 ആയിരുന്നു സന്ദർശകർ. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 3,349ല്‍ നിന്ന് 6,680 ആയി ഉയര്‍ന്നു. ഇസ്രായേലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയത്. തായ്ലന്‍ഡ്, അമേരിക്ക, വിയറ്റ്‌നാം, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍.

2026 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 2,25,286 വിനോദസഞ്ചാരികൾ ലഡാക്ക് സന്ദർശിച്ചു. ഇതില്‍ 2,11,645 പേര്‍ ആഭ്യന്തര സഞ്ചാരികളും 13,641 പേര്‍ വിദേശ സഞ്ചാരികളുമാണ്. വിനോദസഞ്ചാരം ലഡാക്കിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന തൂണാണെന്നും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന പറഞ്ഞു.

സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കല്‍, അനുമതി നടപടികളിലെ സങ്കീര്‍ണത കുറക്കല്‍, റോഡരികിലെ സന്ദര്‍ശക സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയാണ് വളര്‍ച്ചക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmirLadakhDistrictarticle 371
News Summary - Ladakh’s 7 Districts to Get Hill Councils
Next Story