സോനം വാങ്ചുകിനെ എത്തിച്ചത് ജോധ്പൂർ ജയിലിൽ; ഡൽഹിയിൽ ഇന്ന് പ്രശ്നപരിഹാര ചർച്ച
text_fieldsന്യൂഡൽഹി: അറസ്റ്റിലായ ലഡാക്ക് സമര നേതാവും പ്രമുഖ വിദ്യാഭ്യാസ -പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിൽ. ദേശീയ സുരക്ഷാ നിയമം ചുമത്തി ഇന്നലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത വാങ്ചുകിനെ രാത്രിയോടെയാണ് ജോധ്പൂർ ജയിലിലേക്ക് മാറ്റിയത്. ലേ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വാങ്ചുകിനെ ജോധ്പൂരിലെത്തിച്ചത്. ലഡാക്ക് സംഘർഷത്തിന് പിന്നിൽ സോനം വാങ്ചുകിന്റെ പ്രകോപനപരമായ പ്രസ്താവനകൾ ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് വാങ്ചുകിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യത്തിൽ ഇന്ന് ഡൽഹിയിൽ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തമ്മിൽ ചർച്ച നടക്കും. പ്രക്ഷോഭകർ ചർച്ചകൾക്കായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം നയിച്ചത്. ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തുന്ന സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലും കലാശിച്ചത്. അതേസമയം, വാങ്ചുക് ജയിലിൽ നിരാഹാരം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ, നാലുപേരുടെ മരണത്തിനും 80 പേരുടെ പരിക്കിനും ഇടയാക്കിയ സംഘർഷത്തെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചിരുന്നു. നിരാഹാര സമരം നയിച്ചതിന് പ്രതികാര നടപടിയെന്നോണം വാങ്ചുകിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങുകയും വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച സോനം വാങ്ചുക് ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്ത ആഭ്യന്തര മന്ത്രാലയത്തെയാണ് സംഘർഷത്തിൽ കുറ്റപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായും ലഡാക്കിലെ ജനപ്രതിനിധികളുമായുമുള്ള സംഭാഷണങ്ങളിൽ അസന്തുഷ്ടരായ ചില സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആഭ്യന്തര മന്ത്രലായത്തിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

