'ഇന്ത്യയെക്കുറിച്ചുള്ള ധാരണക്കുറവ്'; ന്യൂനപക്ഷ, മാധ്യമ സ്വാതന്ത്ര്യ വിഷയങ്ങളിലെ ഡച്ച് പ്രധാനമന്ത്രിയുടെ പരാമർശം തള്ളി ഇന്ത്യ
text_fieldsഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും കുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പരാമർശങ്ങൾ തള്ളി ഇന്ത്യ. ഇത്തരം ആശങ്കകൾ ഇന്ത്യയുടെ ചരിത്രം, ജനാധിപത്യം, സാംസ്കാരിക വൈവിധ്യം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണക്കുറവ് മൂലമാണ് ഉണ്ടാകുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സി.ബി ജോർജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ആഴത്തിലുള്ള നാഗരിക വേരുകളുള്ള ഒരു സജീവ ജനാധിപത്യ രാജ്യമാണെന്ന് സി.ബി ജോർജ് ഓർമ്മിപ്പിച്ചു. ‘‘140 കോടി ജനങ്ങൾ വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. സംസ്കാരം, ഭാഷകൾ, ഭക്ഷണം, മതം എന്നിവയിലെല്ലാം വലിയ വൈവിധ്യമാണ് ഇവിടെയുള്ളത്. ലോകത്തെ പ്രധാനപ്പെട്ട നാല് മതങ്ങൾ ഉത്ഭവിച്ചതും ഇവിടെയാണ്," അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലും നെതർലൻഡ്‌സ് സർക്കാരിന് ആശങ്കയുണ്ടെന്നും ഈ വിഷയങ്ങൾ ഇന്ത്യൻ ഭരണകൂടവുമായി പതിവായി ചർച്ച ചെയ്യാറുണ്ടെന്നും ഡച്ച് പത്രമായ ‘ഡി വോൾക്സ്ക്രാന്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ ഈ പരാമർശങ്ങൾ നടത്തിയത്. എന്നാൽ, ഇരുരാജ്യങ്ങളും ജനാധിപത്യത്തെയും നല്ല ഭരണത്തെയും ആഗോള നിയമങ്ങളെയും ഒരുപോലെ വിലമതിക്കുന്നവരാണെന്ന് ജെറ്റൻ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
അതേസമയം ഡച്ച് പ്രധാനമന്ത്രിയുടെ വിമർശനങ്ങളെ ഇന്ത്യ ഔദ്യോഗികമായി തള്ളിക്കളയുമ്പോഴും, സമീപകാലത്തായി രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ട്. പശുസംരക്ഷണത്തിന്റെയും മറ്റ് തീവ്ര നിലപാടുകളുടെയോ പേരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർ തെരുവിൽ ആൾക്കൂട്ട വിചാരണക്കും കൊലപാതകങ്ങൾക്കും ഇരയാകുന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഭരണകൂടത്തിന്റെയോ തീവ്ര വലതുപക്ഷ സംഘടനകളുടെയോ നേതൃത്വത്തിൽ നടക്കുന്ന സംഘടിതമായ വിദ്വേഷ പ്രചാരണങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത ഭീതിയാണ് ജനിപ്പിക്കുന്നത്. ഇത്തരം ആൾക്കൂട്ട അതിക്രമങ്ങളിൽ പലതിലും പ്രതികൾക്ക് കൃത്യമായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകർച്ചയും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കടുത്ത ആശങ്ക ഉയർത്തുന്ന ഒന്നാണ്.
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വർഷം തോറും പിന്നോട്ട് പോവുകയാണ്. സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നതും, യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് ജയിലിലടക്കുന്നതും പതിവായി മാറിയിരിക്കുന്നു. കൂടാതെ, പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾ സ്വന്തമാക്കുന്നതിലൂടെ മാധ്യമങ്ങളുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നതായും വിമർശനമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഡച്ച് പ്രധാനമന്ത്രി മനുഷ്യാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടിയത്. എന്നാൽ, ഇരുരാജ്യങ്ങളും ജനാധിപത്യത്തെയും നല്ല ഭരണത്തെയും ഒരുപോലെ വിലമതിക്കുന്നവരാണെന്ന് റോബ് ജെറ്റൻ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

