വിവാദ പ്രസ്താവനയുമായി വീണ്ടും എൽ ആൻഡ് ടി മേധാവി
text_fieldsന്യൂഡൽഹി: തൊഴിലാളികൾക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി എൽ&ടി മേധാവി എസ്.എൻ സുബ്രഹ്മണ്യൻ. ഇന്ത്യയിലെ തൊഴിലാളികൾ സ്വന്തം നാട്ടിൽ നിന്നും പുറത്ത് പോയി ജോലി ചെയ്യാൻ തയ്യാറല്ലെന്നാണ് പുതിയ പ്രസ്താവന. നേരത്തെ ഇദ്ദേഹം മുന്നോട്ടുവെച്ച ‘ആഴ്ചയിൽ 90 മണിക്കൂർ ജോലി’ എന്ന ആശയം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
‘സർക്കാർ ക്ഷേമ പദ്ധതികളുളളതിനാൽ സ്വദേശം വിട്ട് ജോലി ചെയ്യാൻ ഇന്ത്യൻ തൊഴിലാളികൾ തയാറാകുന്നില്ല. അതിനാൽ നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ല’ -എന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സി.ഐ.ഐയുടെ മിസ്റ്റിക്ക് സൗത്ത് ഗ്ലോബൽ ലിങ്കേജസ് ഉച്ചകോടിയിൽ എസ്.എൻ സുബ്രഹ്മണ്യൻ പറഞ്ഞത്.
ക്ഷേമ പദ്ധതികളും മികച്ച താമസ സൗകര്യങ്ങളും നാട്ടിലെ വിവിധ സർക്കാർ പദ്ധതികളും ലഭിക്കുന്നതിനാൽ തൊഴിലാളികൾ പുതിയ സാധ്യതകൾ തേടി പോവാൻ തയാറാവുന്നില്ല. എന്നാൽ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വിലങ്ങുതടിയാവാൻ സാധ്യതയുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികൾ അടിക്കടി കൊഴിഞ്ഞുപോകുന്നതിനാൽ നാല് ലക്ഷം പേരെ ആവശ്യമുള്ളിടത്ത് 16 ലക്ഷം പേരെ നിയമിക്കേണ്ട അവസ്ഥയാണെന്നും തൊഴിലാളികളുടെ ലഭ്യതയെക്കുറിച്ച് കൂടുതൽ ആശങ്കാകുലനാണെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിനും നിയമിക്കുന്നതിനും വിന്യസിക്കുന്നതിനുമായി എൽ ആൻഡ് ടിക്ക് മികച്ച റിക്രൂട്ടിങ് ടീം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ലഭിക്കുന്നതിന്റെ മൂന്നിരട്ടി ശമ്പളം ലഭിക്കുന്നതിനാൽ മിഡിലീസ്റ്റ് അടക്കമുള്ള രാജ്യങ്ങൾ തൊഴിലാളികളെ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

