തൊഴിൽ നിയമങ്ങൾക്കെതിരെ ഏപ്രിൽ ഒന്നിന് കരിദിനാചരണം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ, തൊഴിലാളിവിരുദ്ധമായ നാല് തൊഴിൽ കോഡുകൾക്കെതിരെ ഏപ്രിൽ ഒന്നിന് കരിദിനം ആചരിക്കുമെന്ന് കേന്ദ്ര തൊഴിലാളി യൂനിയനുകളുടെ സംയുക്ത വേദി. നിയമങ്ങൾ വിജ്ഞാപനം ചെയ്യുന്ന ദിവസമായതിനാലാണ് ആ ദിവസം നിശ്ചയിച്ചത്. ‘തൊഴിലാളി പരിഷ്കരണം’ എന്ന പേരിൽ കൊണ്ടുവന്ന ഈ തൊഴിലാളി വിരുദ്ധ, തൊഴിലുടമ അനുകൂല ലേബർ കോഡുകൾ പിൻവലിക്കണമെന്നാണ് ആവശ്യം. സംഘടിക്കാനും ന്യായമായ അവകാശങ്ങൾക്കായി പ്രതിഷേധിക്കാനും പോരാടാനുമുള്ള അവകാശം ഉറപ്പാക്കാനാണ് കരിദിനാചരണമെന്നും അതിൽ പൊതുജനം അണിനിരക്കണമെന്നും ആഹ്വാനം ചെയ്തു.
2025 നവംബർ 21 മുതലാണ് തൊഴിലാളി വിരുദ്ധമായ നാല് തൊഴിൽ കോഡുകൾ രാജ്യത്ത് നടപ്പിലാക്കിയത് - കോഡ് ഓൺ വേജസ് 2019, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020, സോഷ്യൽ സെക്യൂരിറ്റി കോഡ് 2020, ഒക്യുപേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് 2020 എന്നിവയാണത്.
ഫെബ്രുവരി 12ലെ ദേശീയ പൊതു പണിമുടക്കിനുശേഷവും, നിയമം പിൻവലിക്കാനോ ചർച്ച ക്കോ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. കരട് ഘട്ടം മുതൽ ട്രേഡ് യൂനിയനുകളുമായി കൂടിയാലോചിച്ചിട്ടില്ലെന്നും ഇന്ത്യ ഒപ്പുവെച്ച അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളുടെ ലംഘനമാണ് നടത്തുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംയുക്ത ഫോറത്തിൽ എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

