ലോക്ഡൗണിൽ ലാബ് ഫീസടച്ചില്ല; 22 കുട്ടികളെ നാലു ദിവസം ക്ലാസിൽ കയറ്റാതെ മുംബൈയിലെ സ്കൂൾ
text_fieldsകറുത്ത ടീഷർട്ട് ധരിച്ചയാൾ ബൗൺസറാണെന്ന് രക്ഷിതാക്കൾ
മുംബൈ: ലോക്ഡൗൺ കാലത്ത് ലാബ് ഫീസ് അടക്കാത്തതിനെ തുടർന്ന് മുംബൈ കാന്ദിവ്‍ലിയിലുള്ള കാപോൾ വിദ്യാനിധി ഇന്റർനാഷണൽ സ്കൂൾ 22 വിദ്യാർഥികളെ നാലു ദിവസം ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി.
കുട്ടികളെ ക്ലാസിൽ കയറ്റാതെ ലാബിൽ ഇരുത്തിച്ചെന്നും രക്ഷിതാക്കൾ സ്കൂളിലേക്ക് പ്രവേശിക്കാതിരിക്കാൻ ഗേറ്റിൽ ബൗൺസർമാരെ നിർത്തിയിരിക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.
പ്രാക്ടിക്കൽ ക്ലാസ് നടക്കാതിരുന്ന ലോക് ഡൗൺ കാലത്തെ ലാബ് ഫീസ് നൽകണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. അതിനെതിരെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെയാണ് കുട്ടികളെ ക്ലാസിൽ കയറ്റാതെ സ്കൂൾ അധികൃതർ പ്രതികാരം ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ നാലു ദിവസം നടക്കേണ്ടി വന്നു. സംഭവങ്ങൾ ഇങ്ങനെയായിരിക്കെ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മറുപടിയാണ് നൽകിയിട്ടുള്ളതെന്നും രക്ഷിതാക്കൾ പറഞ്ഞു.
സ്കൂളിൽ നിന്ന് കുട്ടികൾക്ക് മാനസികാഘാതമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും േഗറ്റിൽ ബൗൺസർമാരെ നിർത്തിയിട്ടില്ലെന്നുമാണ് മന്ത്രി ദീപക് കേസർക്കർ നിയമസഭയിൽ അവകാശപ്പെട്ടത്.
സ്കൂൾ അധികൃതർ ഫീസ് ആവശ്യപ്പെട്ട് കുട്ടികളെ സമ്മർദ്ദപ്പെടുത്തുകമാത്രമല്ല, നാലു ദിവസം ക്ലാസിലിരിക്കാൻ അനുവദിക്കാതെ അവരെ മാനസികമായി പീഡിപ്പിച്ചുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. കൂടാതെ, രക്ഷിതാക്കൾ സ്കൂളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ബൗൺസർമാരെ വാടകക്കെടുത്ത് ഗേറ്റിൽ നിർത്തിയിരിക്കുകയാണ്. ഇതിന്റെ ഒക്കെ തെളിവുകളും ഫോട്ടോയും തങ്ങളുടെ കൈവശമുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഇത്ര നിരുത്തരവാദപരമായി, കാര്യങ്ങൾ അന്വേഷിച്ച് പഠിക്കാതെ വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയത് എന്തിനാണ്. വിദ്യാഭ്യാസമന്ത്രിക്ക് ആവശ്യമാണെങ്കിൽ തെളിവുകൾ തങ്ങൾ തരാമെന്നും രക്ഷിതാക്കൾ പറഞ്ഞു.
സ്കൂളിനെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. വിഷയത്തിൽ ചില രക്ഷിതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ആറ് രക്ഷിതാക്കൾ ബോംബെ ഹൈകോടതിയിൽ റിട്ട് ഹരജി നൽകി. അതേസമയം, ബാലാവകാശ കമീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

