എയിംസിൽ പാളി; ‘വെള്ളാന’യായി കെ.വി. തോമസിന്റെ ഓഫിസ്
text_fieldsന്യൂഡൽഹി: ലക്ഷങ്ങൾ മുടക്കി കേരള സർക്കാർ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത് കേന്ദ്രവുമായി മെച്ചപ്പെട്ട ഏകോപനത്തിന്. എന്നാൽ, സംസ്ഥാന സർക്കാറുമായിട്ടു പോലും ഏകോപനമില്ലാതെ കെ.വി. തോമസ്. എയിംസ് വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ താല്പര്യത്തിന് വിരുദ്ധമായി നീങ്ങിയതോടെ പ്രത്യേക പ്രതിനിധിയുടെ ഓഫിസ് വെള്ളാനയായെന്ന് വിമർശനം.
കേന്ദ്രം അനുവദിക്കുമെന്നു കരുതുന്ന എയിംസിന് കോഴിക്കോട്ടെ കിനാലൂരിൽ ഭൂമി കണ്ടെത്തി പ്രതീക്ഷപൂർവം കേരളം കാത്തിരിക്കുന്നതിനിടയിലാണ് എയിംസ് കാസർകോടാണ് വേണ്ടതെന്ന് വാദിച്ച് കെ.വി. തോമസ് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ സമീപിച്ചത്. ഇത്തരമൊരു നീക്കം സംബന്ധിച്ച അവ്യക്തത നീക്കാൻ പ്രത്യേക പ്രതിനിധിയുടെ ഓഫിസിനോ സംസ്ഥാന സർക്കാറിനോ കഴിഞ്ഞിട്ടില്ല.
കേരളത്തിന് ഏറെ സുപ്രധാനമാണ് എയിംസ്. കേരളത്തിന്റെ ഡൽഹി പ്രതിനിധിക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ട വിഷയം. എന്നാൽ, കാസർകോട്ട് എയിംസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യം അക്കമിട്ടു നിരത്തുന്ന കത്താണ് കെ.വി. തോമസ് ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയെ കണ്ട് കൈമാറിയത്. തോമസിന്റെ കൈപ്പടയും കൈയൊപ്പുമുള്ള കത്തിലെ ആദ്യ ആവശ്യവും കാസർകോട് എയിംസ് വേണമെന്നായിരുന്നു.
സംസ്ഥാന സർക്കാർ നിർദേശിക്കുന്നവിധം കേന്ദ്രസർക്കാറുമായി ഏകോപന നടപടികൾ സ്വീകരിക്കാൻ കാബിനറ്റ് റാങ്കുള്ള ഡൽഹിയിലെ പ്രത്യേക പ്രതിനിധി ബാധ്യസ്ഥനാണ്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും അതിൽ ഉന്നയിക്കേണ്ട വിഷയങ്ങളും നിശ്ചയിക്കുന്നത് വ്യക്തമായ കൂടിയാലോചനകൾക്ക് ശേഷമാണ്. കൊടുക്കുന്ന നിവേദനത്തിലെ ഉള്ളടക്കത്തിന് അനുസരിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ച നടക്കുക.
കേന്ദ്ര-സംസ്ഥാന ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള കെ.വി. തോമസിന് മുൻകേന്ദ്രമന്ത്രി, മുൻ എം.പി തുടങ്ങിയ നിലകളിൽ ഇതത്രയും പരിചിതമായ കാര്യങ്ങൾ. എന്നാൽ, വ്യക്തമായ ധാരണയോ ഏകോപനമോ ഇല്ലാതെ പിഴച്ചുവെന്നാണ് വ്യക്തമാവുന്നത്. അതല്ലെങ്കിൽ പ്രതിഷേധങ്ങൾ മുൻനിർത്തി നിലപാട് മാറ്റേണ്ടിവന്നു.
കോൺഗ്രസ് വിട്ട് ഇടതു പാളയത്തിലെത്തിയ കെ.വി. തോമസിന്റെ താൽപര്യപ്രകാരം പിണറായി സർക്കാർ ഒരുക്കിക്കൊടുത്ത ലാവണമാണ് കേരള ഹൗസിലെ പ്രത്യേക പ്രതിനിധി ഓഫിസ്. പെൻഷൻ വാങ്ങുന്നതിനാൽ ശമ്പളം നൽകാൻ കഴിയാത്തതിനാൽ പ്രതിമാസം ലക്ഷം രൂപ ഓണറേറിയമെന്ന പേരിൽ നൽകുന്നുണ്ട്.
കാബിനറ്റ് പദവിയുള്ള കെ.വി. തോമസിനെ ഏകോപനത്തിൽ സഹായിക്കാൻ നാലു ജീവനക്കാരുണ്ട്. വാഹനവും കേരള ഹൗസിലെ താമസ സൗകര്യവും അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ ‘മികവാ’ണ് എയിംസ് ഉരുണ്ടുകളിയിൽ പ്രതിഫലിച്ചത്.
പ്രത്യേക പ്രതിനിധി മന്ത്രിയെ കണ്ട് കത്ത് നൽകിയതോടെ എയിംസ് കാസർകോട്ട് വേണമെന്ന പുതിയ ആവശ്യമാണ് കേന്ദ്രത്തിനു മുമ്പിൽ ഔദ്യോഗികമായി നിലനിൽക്കുന്നത്. നിലപാട് തിരുത്തി പുതിയ കത്ത് നൽകിയിട്ടുണ്ടെങ്കിലും, മന്ത്രിയെ നേരിൽ കണ്ട് പുതിയ നിലപാടിൽ വ്യക്തത വരുത്തേണ്ട സ്ഥിതിയിലാണ് ബന്ധപ്പെട്ടവർ.