എന്റെ മാത്രം വിമാന യാത്രാകൂലിയല്ല പ്രചരിക്കുന്നത്; ഏത് കണക്കാണ് നൽകാത്തതെന്ന് ധനമന്ത്രി പറയട്ടെ -കെ.വി. തോമസ്
text_fieldsന്യൂഡൽഹി: എന്റെ മാത്രം വിമാന യാത്രാകൂലിയല്ല പ്രചരിക്കുന്നതെന്ന് ഡൽഹിയിലെ കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. കേരള ഹൗസ് റസിഡന്റ് കമീഷണറുടെ കൂടി യാത്രാ ചെലവാണ് 11 ലക്ഷം. ഓണറേറിയമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്. ധനമന്ത്രി ചോദിച്ച ഏത് കണക്കാണ് നൽകാത്തതെന്ന് പറയട്ടെ എന്നും കെ.വി. തോമസ് വ്യക്തമാക്കി.
2023-24 വരെയുള്ള കാലത്ത് തന്റെ ചെലവ് അഞ്ച് ലക്ഷത്തിൽ താഴെയാണ്. ആറു ലക്ഷം രൂപ കൂടി അധികമായി ചോദിച്ചതിനെ കുറിച്ച് തനിക്കറിയില്ല. ഇക്കാര്യത്തെ കുറിച്ച് റസിഡന്റ് കമീഷണറോട് ചോദിച്ചിരുന്നു. അദ്ദേഹം കൂടി യാത്ര ചെയ്തിട്ടുണ്ടെന്നാണ് റസിഡന്റ് കമീഷണർ പറഞ്ഞത്. അതുകൂടി ചേർത്തുള്ള പ്രവർത്തന ചെലവാണ് 11 ലക്ഷമെന്നും കെ.വി. തോമസ് വ്യക്തമാക്കി.
കെ.വി. തോമസിനുള്ള വാർഷിക യാത്രാബത്ത 11.31 ലക്ഷമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ പ്രോട്ടോകോൾ വിഭാഗം ധനവകുപ്പിനെ സമീപിച്ച വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. യാത്രാബത്ത ഇനത്തിൽ 2025-26 ലെ ബജറ്റിൽ അഞ്ചു ലക്ഷമാണ് വകയിരുത്തിട്ടുള്ളത്. എന്നാൽ, നിലവിൽ 6.31 ലക്ഷം ചെലവാകുന്നുണ്ടെന്നും ഇത് കണക്കിലെടുത്ത് വിഹിതം 11.31 ലക്ഷമായി ഉയർത്തണമെന്നുമാണ് പ്രോട്ടോകോൾ വിഭാഗത്തിന്റെ ആവശ്യം.
കെ.വി. തോമസിന്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റിൽ നൽകിയത് 24.67 ലക്ഷം രൂപയായിരുന്നു. തൊട്ടു മുൻ ബജറ്റിൽ 17 ലക്ഷവും. ഓരോ വർഷവും ബജറ്റ് വിഹിതം വർധിപ്പിച്ചു വരികയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് പരിധിവിട്ട വർധിപ്പിക്കലുകളുടെ വിവരം പുറത്തുവന്നത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കേരളത്തിന്റെ താല്പര്യങ്ങള് ദേശീയതലത്തില്‍ സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി പ്രധാന വിഷയങ്ങളില്‍ ഇടപെടുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.
നിയമിതനായ ഘട്ടത്തിൽ ശമ്പളം വേണ്ട ഓണറേറിയം മതി എന്ന നിലപാടാണ് തോമസ് സ്വീകരിച്ചത്. യാത്രപ്പടി, ടെലിഫോൺ തുടങ്ങിയ മറ്റ് അലവൻസുകളും കിട്ടുന്നുണ്ട്. അടുത്തിടെ, കെ.വി. തോമസിന് കേരള സർക്കാർ പ്രൈവറ്റ് സെക്രട്ടറിയെയും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

