കുവൈത്തിൽ ജലശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു; ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സാങ്കേതിക, അടിയന്തര സംഘങ്ങൾ ഉടനടി നടപടികൾ സ്വീകരിച്ചതായി വൈദ്യുതി ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ്നാട് രാമനാഥപുരം സ്വദേശി സന്താന ശെൽവം (40) ആണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്.
സംഭവത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം സൂക്ഷിച്ച കുവൈത്തിലെ സെൻട്രൽ മോർച്ചറി അംബാസഡർ പരമിത ത്രിപതി സന്ദർശിച്ചു. മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകും. ഇതിനായി കുവൈത്ത് അധികൃതരുമായും മരിച്ചയാളുടെ കുടുംബവുമായും ഇന്ത്യൻ എംബസി ബന്ധപ്പെടുകയും നടപടികൾ വേഗത്തിലാക്കുന്നതിനായി ഏകോപനം നടത്തിവരികയുമാണ്.
യു.എ.ഇ 11 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു
ഇറാനിൽ നിന്ന് യു.എ.ഇയെ ലക്ഷ്യമാക്കി അയച്ച 11 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു. അതേസമയം അപകടകങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സംഘർഷം ആരംഭിച്ച ശേഷം രാജ്യം ഇതുവരെ 425 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1941 ഡ്രോണുകളും പ്രതിരോധിച്ചു. രാജ്യത്ത് ആകെ പരിക്കേറ്റവരുടെ എണ്ണം 178 ആണ്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കൊച്ചിയിൽനിന്ന് 35 വിമാനങ്ങൾ സർവിസ് നടത്തി
നെടുമ്പാശ്ശേരി: തിങ്കളാഴ്ച കൊച്ചിയിൽനിന്ന് ഗൾഫ് സെക്ടറിലേക്കും തിരികെയുമായി 35 വിമാനങ്ങൾ സർവിസ് നടത്തി. കൊച്ചിയിലേക്ക് 17 വിമാനങ്ങളും തിരികെ 18 വിമാനങ്ങളും ഉണ്ടായി. അബൂദബിയിലേക്കും തിരികെയും അഞ്ച് വിമാനങ്ങൾ വീതം സർവിസ് നടത്തി. ദുബൈയിൽനിന്നും തിരികെയും മൂന്ന് വിമാനങ്ങൾ വീതം ഉണ്ടായിരുന്നു. മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് രണ്ട് വിമാനങ്ങളും കൊച്ചിയിൽനിന്ന് മൂന്ന് വിമാനങ്ങളും സർവിസ് നടത്തി. ഷാർജയിൽനിന്ന് കൊച്ചിയിലേക്കും തിരികെയും രണ്ട് വിമാനങ്ങൾ വീതം ഉണ്ടായി. ദമാം, റിയാദ് എന്നിവിടങ്ങളിൽനിന്നും തിരികെയും ഓരോ സർവിസും ഉണ്ടായി. ജിദ്ദയിൽനിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവും കൊച്ചിയിൽനിന്ന് രണ്ട് വിമാനങ്ങളും സർവിസ് നടത്തി. ദോഹയിൽനിന്ന് കൊച്ചിയിലേക്ക് രണ്ട് വിമാനങ്ങളും കൊച്ചിയിൽനിന്ന് ഒരു വിമാനവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

