Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; 21 ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാവരും സുരക്ഷിതർ

text_fields
bookmark_border
ഹുർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; 21 ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാവരും സുരക്ഷിതർ
cancel
camera_alt

ഫയൽ ചിത്രം 

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്ഞാത വസ്തു പതിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

ബുധനാഴ്ചയാണ് എം.ടി. അൽ ദസ്മ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി എക്സിൽ കുറിച്ചു.

ഒമാനിലെ ബുഖക്ക് 11 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്താണ് സംഭവം നടന്നതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് രേഖപ്പെടുത്തി. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും പിന്നീട് അണച്ചതായി ടൈംസ് കുവൈത്ത് റിപ്പോർട്ട് ചെയ്തു.

യു.എസ് ഇറാൻ യുദ്ധത്തെ തുടർന്ന് അടഞ്ഞുകിടന്ന ഹുർമുസിൽ കപ്പലുകൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുകയാണ്. ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങളും സുരക്ഷാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ മിക്ക സംഭവങ്ങളിലും ഇന്ത്യൻ പൗരന്മാർക്ക് പരിക്കേട്ടതായാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 16ന് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എം.ടി. എസ്.ടി. 3 എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയും അജ്ഞാത വസ്തുവിന്റെ ആക്രമണമുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അന്ന് സോനോവാൾ അറിയിച്ചിരുന്നു. ഇതിന് മുമ്പ് ഒക്ടോബർ 14ന് റൊമാനിയയിലെ സുലിന ആങ്കറേജിന് സമീപം യാര ജെ എന്ന കെമിക്കൽ ടാങ്കറിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. രണ്ട് കപ്പലുകളിലായി ഉണ്ടായ സംഭവങ്ങളിൽ ഉൾപ്പെട്ട 24 ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്നും മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒക്ടോബർ 11ന് ഒമാനിലെ സോഹാർ ആങ്കറേജിൽ എം.ടി. പെട്രോ ഡോൾഫിൻ എന്ന ടാങ്കറിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചു.

അതേ ദിവസം മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം.ടി. വാൽതെറ എന്ന കപ്പലിന് നേരെയും അജ്ഞാത വസ്തുവിന്റെ ആക്രമണമുണ്ടായി തീപിടിത്തമുണ്ടായെങ്കിലും അതിലെ 11 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ വാണിജ്യ കപ്പലുകൾക്കും കപ്പൽ ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിയമപരമായും ധാർമികമായും ന്യായീകരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ ഗതാഗതം തടസ്സമില്ലാതെയും സുരക്ഷിതമായും തുടരേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്കും ജീവനക്കാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട സംഭവങ്ങൾ നിരീക്ഷിക്കാനും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും കപ്പൽ മാനേജ്‌മെന്റ് കമ്പനികളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait-flagged tanker carrying 21 Indian seafarers hit by projectile in Strait of Hormuz
Next Story