കസേര സംരക്ഷിക്കാനുള്ള ബജറ്റ്; കേന്ദ്ര ബജറ്റിനെ തള്ളി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കേന്ദ്രബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന, സഖ്യകക്ഷികളുടെ കണ്ണിൽ പൊടിയിട്ട് കസേര സംരക്ഷിക്കാനുള്ള ബജറ്റാണിതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് മാനിഫെസ്റ്റോ അടിമുടി കോപ്പിയടിച്ചുള്ള ബജറ്റാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
''കസേര സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണിത്. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. സഖ്യകക്ഷികളെയും ചങ്ങാതിമാരെയും ചേർത്തു നിർത്തുമ്പോൾ, അതിന്റെ ദോഷം അനുഭവിക്കുന്നത് മറ്റ് സംസ്ഥാനങ്ങളാണ്. സാധാരണക്കാരന് ഒരു നേട്ടവും ബജറ്റ് കൊണ്ട് ഇല്ല. കോൺഗ്രസ് മാനിഫെസ്റ്റോയും മുമ്പത്തെ ബജറ്റുകളും അടിമുടി കോപ്പിയടിച്ച ബജറ്റ്.''-എന്നാണ് രാഹുൽ ഗാന്ധി ബജറ്റിനെ കുറിച്ച് പറഞ്ഞത്.
കോൺഗ്രസ് മാനിഫെസ്റ്റോ കോപ്പിയടിച്ചാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് തയാറാക്കിയതെന്ന് മറ്റ് കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ മാനിഫെസ്റ്റോ ബഹുമാനപ്പെട്ട ധനമന്ത്രി തെരഞ്ഞെടുപ്പിനു ശേഷം വായിച്ചതിൽ സന്തോഷമുണ്ടെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം എക്സിൽ കുറിച്ചത്.

