കുർനൂൽ ദുരന്തം; തീപടർന്നത് എവിടെനിന്ന്?
text_fieldsകുർനൂൽ: ആന്ധ്രയിലെ കുർനൂലിൽ ബൈക്കുമായി ഇടിച്ച് ബസ് കത്തിയമർന്ന് 20 പേർ മരിച്ച സംഭവത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അജ്ഞാതം. ഹൈദരാബാദിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് വെള്ളിയാഴ്ച പുലർച്ച 3.30ന് ഒരു ബൈക്കിലിടിച്ച് കുറച്ചുദൂരം മുന്നോട്ടുപോയെന്നും തുടർന്ന് തീപടർന്നെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
എന്നാൽ, നിമിഷനേരത്തിനുള്ളിൽ ബസിനെ പൂർണമായും വിഴുങ്ങിയ തീപടർന്നതെങ്ങനെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കോ സ്ഥലം സന്ദർശിച്ച ഫോറൻസിക് വിദഗ്ധർക്കോ കഴിഞ്ഞിട്ടില്ല.
ബൈക്കുമായി ഇടിച്ചപ്പോൾ ബസിന്റെ ഇന്ധന ടാങ്കർ പൊട്ടിയെന്നും തുടർന്നാണ് തീപടർന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണ്ടിവരും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ, ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ തീപടർത്തുന്നതിൽ പങ്കുവഹിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അപകടത്തിൽപെട്ട ബസ് പരിശോധിച്ച ഫയർ ഫോഴ്സ് സംഘം പൊട്ടിത്തെറിച്ച നൂറോളം സ്മാർട്ട് ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. ബംഗളൂരുവിലേക്ക് വിൽപനക്കോ മറ്റോ കൊണ്ടുപോയ ഈ ഫോണുകൾ ഒന്നിച്ച് ചൂടായി പൊട്ടിത്തെറിച്ചത് തീ നാളത്തെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

