കുർണൂൽ ബസ് ദുരന്തം: അപകടത്തിനിടയാക്കിയ ബൈക്കോടിച്ചവർ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് റിപ്പോർട്ട്; യുവാക്കളുടെ വിഡിയോ പുറത്ത്
text_fieldsബംഗളൂരു: ആന്ധ്രയിലെ കുർണൂലിൽ ബസ് കത്തി 19 യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അപകടത്തിനു വഴിവെച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ച് ആന്ധ്രാപ്രദേശ് പൊലീസ്.
ഒക്ടോബർ 24 ന് പുലർച്ചെ കുർണൂൽ ജില്ലയിലെ ചിന്ന തെഗുരു ഗ്രാമത്തിൽ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിനു മുകളിലൂടെ സ്ലീപ്പർ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു.
ബൈക്ക് ബസിനടിയിലേക്ക് വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ശിവശങ്കർ, എറി സ്വാമി എന്നിവർ മദ്യപിച്ചിരുന്നതായാണ് ഫോറൻസിക് സ്ഥിരീകരണം. ഇരുവരും മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസിന് അറിയാമായിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾക്കായി കാത്തിരുന്നതിനാൽ അവർ ഈ വസ്തുത സ്ഥിരീകരിച്ചിരുന്നില്ല. ശിവശങ്കർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ശനിയാഴ്ച രാത്രി ഇരുവരും ഒരു ധാബയിൽ കയറി ഭക്ഷണം കഴിച്ചതായും മദ്യപിച്ചതായി സ്വാമി സമ്മതിച്ചതായും ആന്ധ്ര ഡി.ഐ.ജി പറഞ്ഞു. ഒക്ടോബർ 24ന് പുലർച്ചെ 2 മണിയോടെ ശങ്കറും സ്വാമിയും ഇരുചക്രവാഹനത്തിൽ കുർണൂൽ ജില്ലയിലെ തുഗ്ഗലി ഗ്രാമത്തിൽ നിന്നാണ് യാത്ര തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ 2.24 ന് കിയ കാർ ഷോറൂമിന് സമീപമുള്ള എച്ച്.പി പെട്രോൾ ബങ്കിൽ പെട്രോൾ നിറക്കാൻ ഇരുവരും എത്തിയതായി കർണൂൽ പൊലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പറഞ്ഞു. പെട്രോൾ ബങ്കിലെ വിഡിയോയിൽ ശങ്കർ അലക്ഷ്യമായി ബൈക്ക് ഓടിക്കുന്നത് കാണാം.
യാത്ര പുനഃരാരംഭിച്ച ഉടനെ ഇരുചക്ര വാഹനം തെന്നിമാറി ശിവശങ്കർ വലതുവശത്തേക്ക് വീണ് ഡിവൈഡറിൽ ഇടിച്ച് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ ശക്തമായ മഴ പെയ്തിരുന്നു. പ്രതികൂല കാലാവസ്ഥക്കിടയിൽ റോഡുകൾ നനഞ്ഞതും ചെളി നിറഞ്ഞതും അപകടത്തിലേക്ക് എളുപ്പം നയിച്ചു. സ്വാമി റോഡിന്റെ മധ്യത്തിൽ നിന്ന് ശങ്കറിനെ വലിച്ചെടുത്ത് പരിശോധിക്കുമ്പോൾ അയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്ന് പാട്ടീൽ പറഞ്ഞു.
ബൈക്ക് റോഡിൽ നിന്ന് മാറ്റി നിർത്താൻ ഇയാൾ ആലോചിച്ചുകൊണ്ടിരിക്കെ ബസ് കുതിച്ചുവന്ന് അതിന് മുകളിലൂടെ ഇടിച്ചു ബൈക്കിനെ കുറച്ചു ദൂരം മുന്നോട്ട് വലിച്ചുകൊണ്ടുപോയെന്ന് പാട്ടീൽ പറഞ്ഞു. തുടർച്ചയായ രണ്ട് അപകടങ്ങളെയും ബസ് തീപിടിച്ചതിനെയും തുടർന്ന് സ്വാമി ഭയന്ന് തന്റെ ജന്മഗ്രാമമായ തുഗ്ഗലിയിലേക്ക് മടങ്ങി. പിന്നീട്, പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ അപകടത്തിന്റെ നിർണായക വിവരങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

