കുംഭമേള താരത്തിന്റെ വിവാഹം: അന്വേഷണം ഊർജിതം; മാതാപിതാക്കളുടെ മൊഴിയെടുത്തു
text_fieldsഡൽഹി : കുംഭമേളയിലൂടെ ശ്രദ്ധേയയായ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം ശക്തമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് പോലീസ് സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. വിവാഹത്തിനായി വ്യാജ രേഖകൾ ചമച്ചെന്ന പരാതിയിൽ മഹേശ്വർ പോലീസ് തെളിവുകൾ ശേഖരിച്ചു വരികയാണ്.
കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നതിനായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതി ഉൾപ്പെടുത്തിക്കൊണ്ടുള്ള പൂർണ്ണമായ റിപ്പോർട്ട് ഈ മാസം 22-ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. വിവാഹത്തിന് പിന്നിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. ചടങ്ങിൽ സി.പി.എം നേതാക്കൾ പങ്കെടുത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സിന്റെ (NCST) റിപ്പോർട്ടിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവർക്കെതിരെ പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ 13 ദിവസം വീട്ടിൽ താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതിയുണ്ട്.
അതേസമയം, വിവാഹം നടത്താൻ പാർട്ടി മുന്നിട്ടിറങ്ങിയിട്ടില്ലെന്നും ക്ഷണം ലഭിച്ചതനുസരിച്ചാണ് നേതാക്കൾ പങ്കെടുത്തതെന്നുമാണ് സി.പി.എം വിശദീകരണം. വധൂവരന്മാർ നേരിട്ടാണ് ക്ഷേത്രക്കമ്മറ്റിയെ സമീപിച്ചതെന്നും പ്രായം തെളിയിക്കുന്ന രേഖകൾ പൊലീസിനെ കാണിച്ചിരുന്നതായും നേതൃത്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

