ഡെറാഡൂൺ: ഹരിദ്വാറിൽ കുംഭമേള 2021ൽ നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേദ സിങ് റവാത്ത്. കുംഭമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘‘ഹരിദ്വാറിൽ കുംഭമേള 2021ൽ മുൻനിശ്ചയിച്ച പ്രകാരം നടക്കും. എങ്ങനെ നടക്കുമെന്നും ചടങ്ങ് ഏത് രൂപത്തിലായിരിക്കുമെന്നും ആ സമയത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും’’ -മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി മദൻ കൗശിക്, അഖില ഭാരതീത അഖാഡ പരിഷത്ത് (എ.ബി.എ.പി) അധ്യക്ഷൻ നരേന്ദ്ര ഗിരി എന്നിവരും മറ്റ് അഖാഡ പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു. അഖാഡയിലേക്കുള്ള റോഡ് പുനർനിർമാണം, ശുചിമുറികൾ ഉറപ്പാക്കൽ തുടങ്ങിയവക്കാണ് പ്രത്യേക പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കുംഭമേളയിൽ പർവത നിരകൾക്ക് 13 അഖാഡകളുടെയും കുലദൈവങ്ങളുെട പേര് നൽകണമെന്ന് എ.ബി.എ.പി അധ്യക്ഷൻ യോഗത്തിൽ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. കൂടാതെ മറ്റ് ജോലികളോടൊപ്പം ജല വിതരണം, വൈദ്യുതി ബന്ധം, ശുചിമുറികളുടെ അറ്റകുറ്റ പണികൾ തുടങ്ങിയവയും ചെയ്തു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീർഥാടകർക്ക് മതിയായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനായി 13 അഖാഡകൾക്കും സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കാര്യം സർക്കാറിെൻറ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.