സിദ്ധരാമയ്യയെ എത്രകാലം ബ്ലാക്ക്മെയിൽ ചെയ്തു? ശിവകുമാറിനെതിരെ ഒളിയമ്പെയ്ത് കേന്ദ്രമന്ത്രി കുമാരസ്വാമി
text_fieldsസിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി, ഡി.കെ. ശിവകുമാർ
ബംഗളൂരു: സ്റ്റിങ് ഓപറേഷനിലൂടെ തന്നെ കുടുക്കാൻ ശ്രമം നടന്നതായ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ, സ്വകാര്യ ടിവി ചാനൽ ഉടമ രാകേഷ് ഷെട്ടി നടത്തിയ സ്റ്റിങ് ഓപറേഷനെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്ന് കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
‘ഷെട്ടിക്ക് ശിവകുമാറുമായി അടുത്ത ബന്ധമുണ്ട്. സിദ്ധരാമയ്യയെ എത്രകാലം ബ്ലാക്ക്മെയിൽ ചെയ്തു? ഷെട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്റലിജൻസിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലേ? അദ്ദേഹത്തിന്റെ പശ്ചാത്തലം അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഷെട്ടിയുമായി ബന്ധം തുടർന്നത്? കൂടാതെ, എന്തുകൊണ്ടാണ് ഷെട്ടിക്ക് പോലീസ് സുരക്ഷ നൽകിയത്?’ -കുമാരസ്വാമി ചോദിച്ചു.
സ്റ്റിങ് ഓപറേഷൻ കേസുമായി ബന്ധപ്പെട്ട് രണ്ട് ജനതാദൾ എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ശക്തമായി വിമർശിച്ച അദ്ദേഹം, കേസിൽ തന്നെ കുടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും പ്രവർത്തകരെ ലക്ഷ്യമിടുന്നതിന് പകരം ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ നേരിട്ട് തന്നെ ചോദ്യം ചെയ്യാൻ തയാറാകണമെന്നും വെല്ലുവിളിച്ചു.
‘ജനതാദൾ എസ് ഐ.ടി വിങ്ങിൽ പ്രവർത്തിക്കുന്ന മോഹൻ ഗൗഡയെ ബുധനാഴ്ച പുലർച്ചെ പൊലീസ് പിടികൂടുകയും രാത്രി എട്ടു മണി വരെ ഗോഡൗണിൽ തടഞ്ഞുവെക്കുകയും ചെയ്തു. മറ്റൊരു പ്രവർത്തകനും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. മുഖ്യ സൂത്രധാരനായ ഷെട്ടിയെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കണമായിരുന്നു. ആഭ്യന്തര വകുപ്പ് തന്റെ പിതൃസ്വത്തല്ലെന്ന് പ്രിയങ്ക് മനസ്സിലാക്കണം’ -കുമാരസ്വാമി വിമർശിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സ്റ്റിങ് ഓപറേഷൻ നടത്താൻ ഏജൻസികളെ ചുമതലപ്പെടുത്തി, സർക്കാറിനെ കുരുക്കിലാക്കാൻ ശ്രമിച്ചതിന് തെളിവുകൾ ലഭിച്ചതായാണ് ഡി.കെ. ശിവകുമാർ വ്യക്തമാക്കിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഫോട്ടോഗ്രാഫുകളും രേഖകളും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ വഴി ആളുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവര്ക്കെതിരെയുള്ള രേഖകൾ തയ്യാറാണ്. എന്തിന്റെ പേരിലാണ് അവർ വന്നതെന്നും ആരെയാണ് കണ്ടതെന്നും അറിയാമെന്നും ശിവകുമാർ പറഞ്ഞു. ഇത്തരമൊരു ശ്രമം ആദ്യമായല്ലെന്നും താൻ മന്ത്രിയായിരുന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനൽ സമാനരീതിയില് ശ്രമം നടത്തിയിരുന്നുവെന്നും വ്യക്തമാക്കി. മന്ത്രിസഭയിലെ സഹപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

