കശ്മീരിൽ സുരക്ഷാ സേനയുടെ വൻ ഓപറേഷൻ; കുൽഗാം ഭീകരാക്രമണ സൂത്രധാരൻ ലത്തീഫ് ഭട്ടിനെ വധിച്ചു
text_fieldsശ്രീനഗർ: കുൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഷ്‍കറെ ത്വയ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പള്ളിയിൽ ഒളിച്ചിരിക്കുകയായിരുന്ന ഭട്ടിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഏറ്റുമുട്ടലിന് മുമ്പ് ഭട്ടുമായി വീഡിയോ കോളിൽ സംസാരിക്കുന്ന വീഡിയോയും സൈന്യം പുറത്തുവിട്ടു.
കീഴടങ്ങാനുള്ള അഭ്യർഥന ഭട്ട് നിരസിക്കുകയായിരുന്നു.ഭട്ടിനോട് കീഴടങ്ങാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സുരക്ഷാ സേനയുടെ നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും അയാൾ തയ്യാറായില്ലെന്ന് എസ്.എസ്.പി അനയാത് അലി ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭട്ട് പള്ളിയിലേക്ക് പ്രവേശിക്കുകയും അവിടെ കുടുങ്ങുകയും ചെയ്തിട്ടുണ്ടെന്ന് അനയാത് അലി ചൗധരി മാധ്യമപ്രവർത്തകരോട് നേരത്തെ പറഞ്ഞിരുന്നു. പള്ളിയിലാണ് ഒളിച്ചിരിക്കുന്നത് എന്നതിനാൽ തങ്ങൾ പരമാവധി സംയമനം പാലിച്ചിട്ടുണ്ട്. പള്ളിക്ക് കേടുപാട് വരുത്താതിരിക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "അയാൾക്ക് ഇപ്പോഴും പ്രായം ചെറുതാണെന്ന് ഞങ്ങൾ പറഞ്ഞു, പക്ഷേ അയാൾ സമ്മതിച്ചില്ല.
പുലർച്ചെ 3:45 ഓടെ അയാൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു, ഇത് ഏറ്റുമുട്ടലിന് കാരണമായി," അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീർ പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘവും ഭീകരവാദികളും തമ്മിൽ കുൽഗാമിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ പോലീസ് എക്സിൽ പോസ്റ്റ് ചെയ്തു. അഖ്രാനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് നേരെ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ ആക്രമണത്തെ തുടർന്ന് ദക്ഷിണ കശ്മീരിൽ ഉടനീളം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനിടയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. തിങ്കളാഴ്ച, കുൽഗാമിലെ ലറൂവിൽ നടന്ന ഏറ്റുമുട്ടലിൽ ഭട്ടിന്റെ അടുത്ത സഹായിയായ ഉമർ നിസാർ ദാർ കൊല്ലപ്പെട്ടിരുന്നു. അഖ്രാൻ ആക്രമണത്തിൽ ഭട്ടും ദാറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്.സി.ആർ.പി.എഫ് മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ ആളാണ് ഭട്ട്.

