തീരസേന ചർച്ച ഇന്ത്യ റദ്ദാക്കി
text_fieldsന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് പാക് പട്ടാളകോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് രണ്ടു രാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾ തിങ്കളാഴ്ച നടത്താനിരുന്ന ഉഭയകക്ഷി ചർച്ചകൾ ഇന്ത്യ റദ്ദാക്കി. ചാരവൃത്തി ആരോപിച്ചായിരുന്നു ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന് പട്ടാളകോടതി വധശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് പാകിസ്താനും ഇന്ത്യക്കും ഇടയിലുണ്ടായ സംഘർഷം രൂക്ഷമായി. എന്നാൽ, ഉഭയകക്ഷി ചർച്ചകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഒൗദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഇന്ത്യയും പാകിസ്താനും പിടിച്ചെടുത്തിട്ടുള്ള മത്സ്യബന്ധന ബോട്ടുകളും മീൻപിടിത്തക്കാരെയും വിട്ടയക്കൽ, കള്ളക്കടത്ത് തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം നിശ്ചയിച്ചത്. പരസ്പര ബന്ധങ്ങൾ മോശമായി നിൽക്കുകയാണെങ്കിലും ഇത്തരത്തിൽ ചില സംഭാഷണങ്ങൾക്ക് തയാറാവുന്നവിധം നയതന്ത്രതലത്തിൽ അയവുള്ള സമീപനം ഇന്ത്യയും പാകിസ്താനും സാവധാനം സ്വീകരിച്ചുവരുന്നതിനിടയിലാണ് കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്.
കുൽഭൂഷൺ ജാദവിനെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനോടുള്ള പ്രതികരണം അറിഞ്ഞശേഷം അടുത്ത നടപടികൾ സ്വീകരിക്കാനിരിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ, നയതന്ത്ര സാമീപ്യം അനുവദിക്കുന്ന കാര്യത്തിൽ പാകിസ്താൻ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ പാക് ഹൈകമീഷണർക്കാണ് ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം കത്തു നൽകിയിട്ടുള്ളത്. ജാദവിെൻറ കുറ്റപത്രം കാണിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
