മണിപ്പൂർ വീണ്ടും സമാധാനത്തിലേക്ക്? ദേശീയ പാത-2 തുറന്നുകൊടുക്കാൻ സമ്മതിച്ച് കുക്കികൾ
text_fieldsമണിപ്പൂർ
ഇംഫാൽ: കേന്ദ്രവും മണിപ്പൂർ സർക്കാറും കുക്കി ഗ്രൂപ്പുകളുമായി ഒപ്പുവെച്ച കരാർ പ്രകാരം ദേശീയ പാത-2 തുറന്നു കൊടുക്കാൻ തീരുമാനിച്ച് കുക്കികൾ. 2023 മേയിൽ മെയ്ത്തികളും കുക്കികളും തമ്മിലുള്ള വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണ് കരാർ നിലവിൽ വന്നത്. മണിപ്പൂരിലെ കലാപത്തെ കുറിച്ച് പ്രതിപക്ഷം പാർലമെന്റിൽ പലവട്ടം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഒരക്ഷരം പോലും ഉരിയാടാൻ അന്ന് പ്രധാനമന്ത്രി തയാറായിരുന്നില്ല.
ന്യൂഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇന്ന് കരാറിൽ ഒപ്പുവെച്ചത്. ദേശീയ പാത 2 വീണ്ടും തുറക്കുക എന്നതായിരുന്ന കരാറിലെ പ്രധാന വ്യവസ്ഥ.
ഇതു വഴി യാത്രക്കാർക്കും അവശ്യ വസ്തുക്കൾക്കും ഗതാഗതം സാധ്യമാകും. ഈ പാതയിലൂടെ ഗതാഗതം സമാധാനം ഉറപ്പാക്കാൻ സുരക്ഷ സേനയുമായി പ്രവർത്തിക്കുമെന്ന് കുക്കി സോ കൗൺസിൽ ഉറപ്പിച്ചു പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും കുക്കി പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാണ് തീരുമാനം. ഭൂരിപക്ഷമായ മെയ്ത്തി സമുദായത്തിന് പട്ടിക വർഗ പദവി നൽകുന്നത് പരിഗണിക്കാൻ അന്നത്തെ സർക്കാറിനോട് നിർദേശിച്ച ഹൈകോടതി ഉത്തരവിനെതിരെ കുക്കികൾ പ്രക്ഷോഭം നടത്തിയതിനെ തുടർന്നാണ് 2023 മേയിൽ മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിൽ കുക്കി, മെയ്ത്തി സമുദായത്തിലെ അംഗങ്ങളും സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏതാണ്ട് 260 പേർ അക്രമത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സമാധാനത്തിന്റെ പാതയിലാണ് സംസ്ഥാനം. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കുക്കി നാഷനൽ ഓർഗനൈസേഷനും യുനൈറ്റഡ് പീപ്ൾസ് ഫ്രണ്ടും തങ്ങളുടെ ക്യാമ്പുകൾ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനാണ് ഇത്തരം നടപടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

