ആൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾക്കെതിരെ കെ.എസ്.ആർ.ടി.സിയുടെ ഹരജി; ഹൈകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ പുതുക്കിയ വകുപ്പുകൾ ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ മേയിൽ നിലവിൽ വന്ന ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ 6, 10 വകുപ്പുകൾ 1988ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നും പ്രസ്തുത ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റുകൾ റദ്ദാക്കണമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ ഹരജിയിലെ ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നും ഇത്തരം പെർമിറ്റിലൂടെ സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമീഷണർക്ക് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
2004-ലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ട്രാക്റ്റ് - റൂട്ട് ബസുകളെക്കുറിച്ച് കൃത്യമായ നിര്‍വചനമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടുന്നു. കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തര്‍സംസ്ഥാന യാത്ര നടത്താനുള്ള അനുമതിയാണ് ആള്‍ ഇന്ത്യ പെര്‍മിറ്റിലൂടെ ലഭിക്കുന്നത്. നികുതിയടക്കുന്നതിന് ചെക്‌പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനാണ് ഇത്. ഒരു ടൂര്‍ ഓപ്പറേറ്റര്‍ക്കോ, വ്യക്തിക്കോ ഒരു കൂട്ടം യാത്രികരെ നിശ്ചിതസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഇവ ഉപയോഗിക്കാം. സ്ഥിരമായ യാത്രാസമയം, റൂട്ട് എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കറ്റ് നല്‍കാനും റൂട്ട് ബസുകള്‍ക്ക് (സ്റ്റേജ്കാര്യേജ്) മാത്രമാണ് അനുമതിയുള്ളത്. ഈ വ്യവസ്ഥ തെറ്റിച്ച് കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ ഓടിയാല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മോട്ടോര്‍വാഹവകുപ്പിന്റെ സെഷന്‍ 207 പ്രകാരം ബസ് പിടിച്ചെടുക്കാമെന്നും കെ.എസ്.ആര്‍.ടി.സി. പറയുന്നു.
ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലോടിയ റോബിൻ ബസ് കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞു പിഴയിടുകയും പിന്നീട് തമിഴ്നാട് മോട്ടോർ വാഹന വകുപ്പും പിഴയിടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.