ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു; നിരവധി പേർക്ക് പരിക്ക്
text_fieldsബംഗളൂരു: കോഴിക്കോടു നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് മൈസൂർ- ബംഗളൂരു എക്സ്പ്രസ് വേയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് കോഴിക്കോട് സ്വദേശികളായ ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം.
ബിഡദി എക്സ്പ്രസ് വേയില്‍ ശനിയാഴ്ച രാവിലെ 6.45 നുണ്ടായ ദുരന്തത്തിൽ ഡ്രൈവര്‍ കുന്നത്തുതാഴം വയൽ വെള്ളയില്‍ അജിത നിവാസിൽ കെ. മിഥിലേഷ്(31) കണ്ടക്ടര്‍ ചേവായൂർ നെച്ചോളി മീത്തൽ എന്‍.എം. അരുണ്‍ (53)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ഡിപ്പോയിലെ കെ.എൽ 15 എ 1963 ബസാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ സൂചന ബോര്‍ഡില്‍ ഇടിക്കുകയും തുടര്‍ന്ന് തല കീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കരണമെന്നാണ് പ്രാഥമിക നിഗമനം.
തലക്ക് ഗുരുതരമായ പരിക്കേറ്റ മാവൂര്‍ സ്വദേശി സനൂപ് സനുവിനെ മണിപ്പാല്‍ മഡിവാള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ ഭരത് കമ്പണ്ണ ആശുപത്രിയിലും ആരാധ്യ ആശുപത്രിയിലും ബിഡദി കെമ്പണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ താമരശ്ശേരി സ്വദേശികളായ ഹൃദ്യ മോഹന്‍, പി.എസ്. സൂരജ്, കല്‍പ്പറ്റ സ്വദേശി എം.എ. ജാഫര്‍, എന്നിവർ ബി.ജി.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 19 പേരെ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.
നാട്ടുകാരും പൊലീസും കെ.എം.സി.സി പ്രവര്‍ത്തകരും, ഐ.ആര്.ഡബ്ല്യു ടീമും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മിഥിലേഷിന്റെ പിതാവ് മോഹനൻ, അമ്മ: മൈഥിലി. ഭാര്യ: രാഗി. മക്കൾ: ആരഭി, ആരവ്. സഹോദരങ്ങൾ: മിഥുൻ, മോനിഷ, മനീഷ. പരേതനായ എൻ.എം.കൃഷ്ണന്റെ മകനാണ് അരുൺ.
അമ്മ:കെ.ശോഭന. ഭാര്യ: പവിഷ. മക്കൾ: പ്രാർഥന അരുൺ (നടക്കാവ് ഗേൾസ് സ്കൂൾ), വിഗ്നേഷ് കൃഷ്ണ (ഒളവണ്ണ സ്കൂൾ). സഹോദരങ്ങൾ:എൻ.എം.റീന(ചേവായൂർ), എൻ.എം.ഇന്ദിര(തൃശ്ശൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

