പെരുന്നാൾ അവധി: കെ.എസ്.ആർ.ടി.സി സ്പെഷൽ ബസുകൾ
text_fieldsബംഗളൂരു: പെരുന്നാൾ അവധി തിരക്ക് കണക്കിലെടുത്ത് കേരള ആർ.ടി.സി ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പത്തു സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. ഏറ്റവും തിരക്കുള്ള 23നാണ് ബസുകൾ സർവിസ് നടത്തുക. പതിവു ബസുകളിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയതോടെയാണ് സ്പെഷൽ സർവിസുകൾ ഓടിക്കുന്നത്.
ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് 19ന് ആരംഭിക്കും. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് (മൂന്ന്), കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. വരുംദിവസങ്ങളിൽ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർ.ടി.സി ബംഗളൂരു ഇൻസ്പെക്ടർ ഇൻ-ചാർജ് സി.കെ. ബാബു അറിയിച്ചു.
നാട്ടിൽനിന്നുള്ള മടക്കയാത്രക്കും സ്പെഷൽ ബസുകൾ അനുവദിച്ചേക്കും. സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ നിരക്ക് ഈടാക്കുന്നതിനാൽ ഭൂരിഭാഗവും കേരള, കർണാടക ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. അതേസമയം, പെരുന്നാൾ അവധി കണക്കിലെടുത്ത് കർണാടക ആർ.ടി.സി നാട്ടിലേക്ക് ഒരാഴ്ച മുമ്പേ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് ഒരുപടി മുന്നിലെത്തിയിരുന്നു. 23ന് ബംഗളൂരുവിൽനിന്ന് 12 ബസുകളും മൈസൂരുവിൽനിന്ന് നാലു ബസുകളുമാണ് കേരളത്തിലേക്ക് ഓടിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കും.
