Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക പി.എസ്‌.സി പരീക്ഷാ ചോർച്ച: ഐ.എ.എസ് ഓഫീസർക്കെതിരെ ഇ.ഡി കുറ്റപത്രം

text_fields
bookmark_border
ഓരോ ഉദ്യോഗാർഥിയിൽ നിന്നും വാങ്ങിയത് 30 മുതൽ 40 ലക്ഷം രൂപ
കർണാടക പി.എസ്‌.സി പരീക്ഷാ ചോർച്ച: ഐ.എ.എസ് ഓഫീസർക്കെതിരെ ഇ.ഡി കുറ്റപത്രം
cancel

ബംഗളൂരു: കർണാടക പബ്ലിക് സർവീസ് കമീഷൻ (കെ.പി.എസ്‌.സി) വെറ്ററിനറി ഓഫീസർ പരീക്ഷാ ചോദ്യപേപ്പറിലെ ചോർച്ചാ കേസിൽ കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ പരീക്ഷാ കൺട്രോളറുമായ ജ്ഞാനേന്ദ്ര കുമാർ ഗാംഗ്വാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി കടുപ്പിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചോദ്യപേപ്പർ ചോർത്തി നൽകിയതിലൂടെ കോടിക്കണക്കിന് രൂപയാണ് ഇയാൾ കൈപ്പറ്റിയതെന്ന് ഇ.ഡി വ്യക്തമാക്കി. മുഖ്യ ഇടനിലക്കാരനായ ബസവരാജ് കന്നാലെ വഴിയാണ് ചോദ്യപേപ്പർ പുറത്തുപോയത്.

കെ.പി.എസ്‌.സി വഴി 400 വെറ്ററിനറി ഓഫീസർ തസ്തികകളിലേക്ക് നടത്തിയ നിയമനത്തിലെ അഴിമതികളാണ് ഇ.ഡി ബംഗളൂരു സോണൽ ഓഫീസ് അന്വേഷിക്കുന്നത്. പരീക്ഷക്ക് ഒരു ദിവസം മുമ്പ് ശരിയായ ഉത്തരങ്ങൾ സഹിതമുള്ള ചോദ്യപേപ്പർ കന്നാലെക്ക് എത്തിച്ചു നൽകിയത് ഗാംഗ്വാറാണെന്ന് കേന്ദ്ര ഏജൻസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ചോദ്യം ചോർത്തി നൽകിയതിലൂടെ ഓരോ ഉദ്യോഗാർഥിയിൽ നിന്നും 30 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് കോഴയായി ഈടാക്കിയതെന്ന് ഇ.ഡി കണ്ടെത്തി. തുടക്കത്തിൽ ഒരാളിൽ നിന്ന് 80 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ചർച്ചകൾക്ക് ശേഷമാണ് തുക 30-40 ലക്ഷമായി കുറച്ചത്. മുൻകൂർ പണമായും ബാങ്ക് അക്കൗണ്ടുകൾ വഴിയുമായിരുന്നു പണം വാങ്ങിയിരുന്നത്. ബാക്കി തുക ഉറപ്പുവരുത്തുന്നതിനായി ചില ഉദ്യോഗാർഥികളിൽ നിന്ന് ഒപ്പിട്ട വെള്ളച്ചെക്കുകളും പ്രോമിസറി നോട്ടുകളും വാങ്ങി സൂക്ഷിച്ചിരുന്നു. ഇവ റെയ്ഡിനിടയിൽ ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്.

കൈപ്പറ്റിയ പണം നിയമവിരുദ്ധമായി പല വഴികളിലൂടെ മറച്ചുവെച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ബംഗളൂരു നഗരത്തിന് പുറത്തുള്ള ഒരു റിസോർട്ടിൽ എത്തിച്ച് ചോദ്യങ്ങളും ഉത്തരങ്ങളും കാണാതെ പഠിപ്പിക്കുകയായിരുന്നു പതിവ്. കന്നാലെയും കൂട്ടാളികളും ഇതിന് നേതൃത്വം നൽകി. പരീക്ഷാ ദിവസം ഇവർ തന്നെയാണ് ഉദ്യോഗാർഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്.

ആഗസ്റ്റ് 18 മുതൽ 24 വരെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സ്വർണാഭരണങ്ങൾ വാങ്ങാനും വിമാന യാത്രാക്കൂലികൾ നൽകാനും പണമിടപാടുകൾ വഴി കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചതായും ഏജൻസി വ്യക്തമാക്കി. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ജ്ഞാനേന്ദ്ര കുമാർ ഗാംഗ്വാറിനെ സെപ്റ്റംബർ 18-നും, ഇടനിലക്കാരൻ ബസവരാജ് കന്നാലെയെ സെപ്റ്റംബർ 17-നും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിനായി ഇരുവരെയും പി.എം.എൽ.എ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPSC exam for vets: 14 top rankers got leaked questions, says probability test
Next Story