ഖലിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ പൊലീസ് മേധാവി
text_fieldsന്യൂഡൽഹി: പഞ്ചാബിലെ ഖലിസ്ഥാൻ ഭീകരതയെ വേരോടെ പിഴുതുകളയുന്നതിൽ നിർണായക പങ്കുവഹിച്ച പൊലീസ് മേധാവിയായിരുന്നു അന്തരിച്ച കെ.പി.എസ്. ഗിൽ. പഞ്ചാബിൽ ഭീകരവാദം കൊടുമ്പിരികൊണ്ടിരുന്ന 80കളുടെ അവസാനമാണ് ഗിൽ പഞ്ചാബ് ഡി.ജി.പിയായി നിയമിതനാവുന്നത്. 1988 മുതൽ 90 വരെയും പിന്നീട് 91 മുതൽ 95ൽ വിരമിക്കുന്നതുവരെയും സംസ്ഥാന പൊലീസ് മേധാവിയായിരുന്നു അദ്ദേഹം. സ്ഥാനമേറ്റ 1988ൽ സിഖുകാരുടെ വിശുദ്ധഗേഹമായ സുവർണക്ഷേത്രത്തിൽനിന്ന് ഖലിസ്ഥാൻ ഭീകരവാദികളെ തുരത്താൻ നടത്തിയ ‘ഒാപറേഷൻ ബ്ലാക്ക് തണ്ടർ’ ആണ് ഗില്ലിന് താരപരിവേഷം നൽകിയത്. 1984ൽ ഇന്ദിര ഗാന്ധിയുടെ കാലത്ത് അരങ്ങേറിയ ‘ഒാപറേഷൻ ബ്ലൂസ്റ്റാറി’ൽനിന്ന് വ്യത്യസ്തമായി സുവർണക്ഷേത്രത്തിന് കാര്യമായ കേടുപാടുണ്ടാക്കാതെ അവസാനിച്ച ഗില്ലിെൻറ ഒാപറേഷനിൽ 67 ഭീകരവാദികൾ കീഴടങ്ങുകയും 43 ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.
ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചപ്പോൾ തന്നെ അതിെൻറ ഭാഗമായി വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറിയിരുന്നതായി ഗില്ലിനെതിരെ ആരോപണമുയർന്നിരുന്നു. ഡി.ജി.പി ആയിരിക്കെ തന്നെ ലൈംഗിക അപവാദത്തിലുംപെട്ടു അദ്ദേഹം. പാർട്ടിക്കിടെ ഗിൽ െഎ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന രൂപൻ ബജാജിെൻറ ശരീരത്തിൽ കയറിപ്പിടിച്ചെന്ന ആരോപണം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻറായിരുന്നപ്പോഴും ഗില്ലിനെ വിവാദം വിടാതെ പിന്തുടർന്നു. അഴിമതിയാരോപണങ്ങളെ തുടർന്ന് ഇക്കാലത്ത് ഹോക്കി ഫെഡറേഷനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സസ്െപൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
