Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആർ.എസ്.എസ് യോഗങ്ങൾക്ക് പിന്നാലെ കൊലപാതകങ്ങൾ’ -ആരോപണവുമായി കർണാടക കോൺഗ്രസ് പ്രസിഡന്റ്

text_fields
bookmark_border
ആർ.എസ്.എസിനെതിരെ പോരാട്ടം തുടരുമെന്നും ബി.കെ. ഹരിപ്രസാദ്
‘ആർ.എസ്.എസ് യോഗങ്ങൾക്ക് പിന്നാലെ കൊലപാതകങ്ങൾ’ -ആരോപണവുമായി കർണാടക കോൺഗ്രസ് പ്രസിഡന്റ്
cancel
camera_alt

കർണാടക പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്

ബംഗളൂരു: ആർ.എസ്.എസ് യോഗങ്ങൾ നടന്നതിന് പിന്നാലെയാണ് ഗൗരി ലങ്കേഷ് ഉൾപ്പെടെയുള്ളവരെ വധിച്ചതെന്ന വിവാദ പരാമർശവുമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. വടക്കൻ കർണാടകയിലെ ബെളഗാവിയിൽ നടക്കുന്ന ആർ.എസ്.എസ് സമ്മേളനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

‘ആർ.എസ്.എസ് എന്തിനാണ് ബെളഗാവിയിൽ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങൾ പ്രതികരിക്കും. മുമ്പ് ആർ.എസ്.എസ് യോഗങ്ങൾ നടന്നപ്പോഴെല്ലാം, സാമൂഹികപ്രവർത്തകരും എഴുത്തുകാരുമായിരുന്ന ദബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, പത്രപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു സമ്മേളനം നടക്കുകയാണ്. ഇനി എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. അതിന് ശേഷമായിരിക്കും ഞങ്ങളുടെ പ്രതികരണം’ -ഹരിപ്രസാദ് പറഞ്ഞു.

ആർ.എസ്.എസിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസ് ഭരണഘടനയുടെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സംഘടനയാണ്. എന്നാൽ, സംഘടനയെന്ന നിലയിൽ ആർ.എസ്.എസിനോടല്ല, ഭരണഘടനാ മൂല്യങ്ങൾ അംഗീകരിക്കാത്ത ആശയങ്ങളോടാണ് എതിർപ്പെന്നും ഹരിപ്രസാദ് വിശദീകരിച്ചു. രാമക്ഷേത്ര നിർമാണത്തിനായി സമാഹരിച്ച ഫണ്ട് തട്ടിപ്പ് കേസിൽ ബി.ജെ.പിക്കെതിരെയും രൂക്ഷ വിമർശനം നടത്തി.

അതിനിടെ, ആർ.എസ്.എസിന്റെ വാർഷിക അഖില ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക് ഇന്നലെ ബെളഗാവിയിൽ തുടങ്ങി. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള പ്രാന്ത് പ്രചാരകരും സഹപ്രാന്ത് പ്രചാരകരും പ്രമുഖ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയും മുഖ്യാതിഥികളാണ്.

ആർ.എസ്.എസിന്റെ ശതാബ്ദി വർഷ പരിപാടികളുടെ അവലോകനം സമ്മേളനത്തിലെ മുഖ്യഅജണ്ടയാണ്. ശാഖകൾ വിപുലപ്പെടുത്താനുള്ള പദ്ധതികൾ, 2026–27 വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ, സെൻസസ് ഉൾപ്പെടെയുള്ള സമകാലിക ദേശീയ വിഷയങ്ങൾ തുടങ്ങിയവയും സമ്മേളനത്തിൽ ചർച്ചയാകും. മോഹൻ ഭാഗവത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ബെളഗാവി ശക്തമായ സുരക്ഷയിലാണ്. പ്രദേശത്ത് ഡ്രോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ, ആർ.എസ്.എസ് സമ്മേളനത്തിന് സർക്കാറിന്റെ അനുമതിയുണ്ടോ എന്ന വിഷയത്തിൽ സംസ്ഥാനത്ത് വിവാദം ഉയർന്നിരുന്നു. എന്നാൽ, സ്വകാര്യ സ്ഥലത്ത് നടക്കുന്ന സമ്മേളനത്തിന് സർക്കാറിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച തുടർചർച്ചകൾ നിലച്ചു. പൊതുനിരത്തിൽ റാലിയോ പ്രകടനമോ നടത്തുകയാണെങ്കിൽ നിയമപ്രകാരം പൊലീസിന്റെ അനുമതി നിർബന്ധമാണെന്ന് മന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPCC chief Alleges RSS Link to Past Murders
Next Story