കൊൽക്കത്ത ബലാത്സംഗ കൊലപാതകം; നിർണായക രേഖ കാണാനില്ലെന്ന് സുപ്രീംകോടതി
text_fieldsകൊൽക്കത്ത: ആർ.ജികർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ചില രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി. പശ്ചിമ ബംഗാളിൽ പണിമുടക്കുന്ന ഡോക്ടർമാരോട് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കകം ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. പ്രതിഷേധം തുടർന്നാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കൊൽക്കത്തയിലെ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിർദേശം.
ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച്, എഫ്.ഐ.ആർ ഫയൽ ചെയ്യാനുള്ള 14 മണിക്കൂർ കാലതാമസത്തെ ചോദ്യം ചെയ്യുകയും പോസ്റ്റ്‌മോർട്ടത്തിന് ആവശ്യമായ ഒരു പ്രധാന രേഖ കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കേസ് കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൈമാറിയതിന്‍റെ രേഖ എവിടെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. രേഖ തങ്ങളുടെ ഭാഗമല്ലെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. രേഖ ഇല്ലാത്ത സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർക്ക് മൃതദേഹം ഏറ്റുവാങ്ങാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അസ്വാഭാവിക മരണ റിപ്പോർട്ടിന്‍റെ സമയപരിധി സംബന്ധിച്ച് സി.ബി.ഐയോട് കോടതി വിശദീകരണം തേടിയിരുന്നു. മരണ സർട്ടിഫിക്കറ്റ് നൽകിയത് ഉച്ചക്ക് 1:47 ന് ആണെന്നും എന്നാൽ പൊലീസ് രജിസ്റ്ററിൽ 2:55 നാണ് രേഖപ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി. എന്നാൽ രേഖകൾ പ്രകാരം രാത്രി 11.30നാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് തുഷാർ മേത്ത പ്രതികരിച്ചു.
ആരാണ് മൃതദേഹത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. രക്തസാമ്പിളുകൾ ശരിയായ വിധം സൂക്ഷിച്ചിട്ടില്ലെന്നും തെളിവുകൾ കൈകാര്യം ചെയ്യുന്നതിലെ പൊരുത്തക്കേടുകളും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ പുറത്തിറങ്ങിയതിന് ശേഷം മറ്റാരൊക്കെയോ അകത്ത് കടന്നിട്ടുണ്ടെന്നും കോടതി സംശയം പ്രകടിപ്പിച്ചു. പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സംസ്ഥാന സർക്കാരിനും സി.ഐ.എസ്.എഫിനും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

