'ബിജെപിക്ക് വോട്ട് ചെയ്തില്ല'; കൊൽക്കത്തയിലെ മുസ്‌ലിം കോളനിയിൽ കുടിവെള്ളം മുടക്കി പകപോക്കൽ, 5,000 മനുഷ്യർ ദുരിതത്തിൽ
text_fieldsകൊൽക്കത്ത: തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന കാരണത്താൽ കൊൽക്കത്തയിലെ മുസ്‌ലിം ഭൂരിപക്ഷ ചേരിയിൽ കുടിവെള്ളം വിച്ഛേദിച്ച് പകപോക്കൽ. വടക്കൻ കൊൽക്കത്തയിലെ കാശിപൂർ ജ്യോതിനാഗർ കോളനിയിലെ അയ്യായിരത്തോളം വരുന്ന മനുഷ്യരാണ് കഴിഞ്ഞ മൂന്ന് മാസമായി (90 ദിവസം) ഒരു തുള്ളി കുടിവെള്ളമില്ലാതെ കൊടും ദുരിതത്തിൽ കഴിയുന്നത്. തൊട്ടടുത്തുകൂടി ഗംഗാനദി ഒഴുകുന്നുണ്ടെങ്കിലും കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ജനങ്ങൾ നരകിക്കുകയാണ്.
തങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാലാണ് കുടിവെള്ളം തടഞ്ഞതെന്ന് പ്രാദേശിക ബിജെപി എംഎൽഎ റിതേഷ് തിവാരി നേരിട്ട് പറഞ്ഞതായും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് അഞ്ച് പൊതു പൈപ്പ് കണക്ഷനുകൾ വിച്ഛേദിച്ചതെന്നും കോളനി നിവാസികൾ ആരോപിക്കുന്നു. പരാതിയുമായി സമീപിച്ച സ്ത്രീകളോട് എംഎൽഎ അപമര്യാദയായി പെരുമാറിയെന്നും, കൊൽക്കത്ത പോർട്ട് ട്രസ്റ്റ് ഭൂമി കൈയേറി താമസിക്കുന്നവരാണെന്ന കാരണം പറഞ്ഞ് കോടതിയിൽ പോകാൻ ആക്രോശിച്ചതായും പ്രദേശവാസികൾ പറയുന്നു. 70 വർഷത്തിലേറെയായി തങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്ത ചേരിയിൽ താമസിക്കുന്നവരാണെന്നും, മുൻപൊരിക്കലും മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ഇത്തരം വിവേചനം നേരിട്ടിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വെള്ളമില്ലാത്തതിനെത്തുടർന്ന് കിലോമീറ്ററുകൾ നടന്നാണ് സ്ത്രീകൾ കുടിവെള്ളം ചുമന്നെത്തിക്കുന്നത്. മാലിന്യവും പായലും നിറഞ്ഞ പുഴയിലെ മലിനജലത്തിലാണ് പലരും കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും. മരിച്ചയാളുടെ അന്ത്യകർമങ്ങൾക്കായി കുളിപ്പിക്കാൻ പോലും വെള്ളമില്ലാതെ വന്നതോടെ മലിനമായ പുഴവെള്ളം ഉപയോഗിക്കേണ്ടി വന്ന ദാരുണാവസ്ഥ പ്രദേശവാസികൾ പങ്കുവെച്ചു. സമീപത്തെ ഹിന്ദു കോളനിയിലെ നിവാസികൾ ചെറിയ തോതിൽ വെള്ളം നൽകി സഹായിക്കുന്നുണ്ടെങ്കിലും, മുസ്‌ലിം അയൽവാസികളെ സഹായിച്ചാൽ തങ്ങളുടെ കണക്ഷനും വിച്ഛേദിക്കുമോയെന്ന ഭയത്തിലാണ് അവരും. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം കുടിവെള്ളം ജീവിക്കാനുള്ള മൗലികാവകാശമാണെന്ന സുപ്രീംകോടതി ഉത്തരവുകൾ നിലനിൽക്കെയാണ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ നടപടിക്കെതിരെ നിവാസികൾ കൽക്കട്ട ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

