കൊൽക്കത്ത ഹോട്ടൽ തീപിടിത്തം; ഒമ്പതു പേർ മരിച്ച ദുരന്തത്തിൽ ഉടമ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ കൊൽക്കത്ത ഹോട്ടൽ തീപിടിത്തക്കേസിൽ ഉടമ ബിരേശ്വർ മിത്ര അറസ്റ്റിൽ. ശനിയാഴ്ച ബെഹാലയിലെ വസതിയിൽ നിന്നാണ് മിത്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂ മാർക്കറ്റ് മേഖലയിലെ ശിഖ ഇൻ, സമീപത്തെ ജാപ്പോൺ എന്നീ ഹോട്ടലുകളുടെ ഉടമയാണ് മിത്ര. തീപിടിത്തത്തെക്കുറിച്ച് ജീവനക്കാർ അറിയിച്ചെങ്കിലും ആദ്യം അദ്ദേഹം സ്ഥലത്തെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ചൊവ്വാഴ്ച രാത്രി സംഭവസ്ഥലത്ത് എത്തിയ ശേഷം കാറിൽ ഝാർഖണ്ഡിലെ ധൻബാദിലേക്ക് പോയതായും പൊലീസ് അറിയിച്ചു. അവിടെ ചില ജീവനക്കാരുടെ താമസസ്ഥലങ്ങളിലാണ് മിത്ര കഴിഞ്ഞതെന്നാണ് വിവരം.
ശനിയാഴ്ച ഡയമണ്ട് ഹാർബർ റോഡിലെ ബെഹാലയിലെ വസതിയിൽ തിരിച്ചെത്തിയപ്പോഴാണ് മിത്ര പിടിയിലായത്. തീപിടിത്തത്തിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. പണത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടർന്നാകാം കൊൽക്കത്തയിലേക്ക് മടങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒളിവിൽ പോയതിന്റെ കാരണവും തിരിച്ചെത്തിയ സാഹചര്യവും പൊലീസ് അന്വേഷിക്കുകയാണ്.
തീപിടിത്തമുണ്ടായ ഹോട്ടലിൽ ഏകദേശം 1,100 ചതുരശ്ര അടി വിസ്തൃതിയിൽ നിരവധി മുറികളും അറ്റാച്ച്ഡ് ബാത്ത്റൂമുകളും നിർമിച്ചിരുന്നതായും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ മിത്ര ഒരു ഹോട്ടൽ ജീവനക്കാരനുമായി ഫോണിൽ സംസാരിച്ച ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടൽ ജീവനക്കാരെയും അതേ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ മറ്റൊരു ഭാഗം പാട്ടത്തിന് എടുത്തിരുന്ന ഉമേഷ് സിങ്, ജിതേൻ സിങ് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു.
മിത്രയിൽ നിന്ന് പ്രതിമാസം 40,000 വാടകക്ക് ശിഖ ഇൻ പാട്ടത്തിന് എടുത്ത അബു സഫറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തീപിടിത്തത്തിൽ മരിച്ച ഒമ്പത് പേരിൽ ഏഴ് പേർ ബംഗ്ലാദേശ് പൗരന്മാരും ഒരാൾ ഝാർഖണ്ഡിലെ ഗിരിദിഹ് സ്വദേശിയും മറ്റൊരാൾ പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയുമാണ്. മരിച്ചവരിൽ ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

