ചുണ്ടും കൺപോളയും എലികൾ കടിച്ച പോലെ, വിരലുകളിലും പാടുകൾ; ബംഗാളിലെ സർക്കാർ ആശുപത്രിയിൽ സ്ത്രീ മരിച്ച നിലയിൽ
text_fieldsകൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ എലികൾ കടിച്ചതിന് സമാനമായ പരിക്കുകളോടെ മരിച്ചനിലയിൽ. ഹൗറ ജില്ലയിലെ അന്ദുൽ സ്വദേശിനിയായ അൽപന ഡേ എന്ന സ്ത്രീയാണ് മരിച്ചത്. കിഴക്കൻ കൊൽക്കത്തയിലെ മണിക്തല ഇ.എസ്.ഐ ആശുപത്രിയിലെ സർജിക്കൽ വാർഡിലാണ് സംഭവം. ഇവരുടെ വിരലുകളിലും ചുണ്ടുകളിലും കൺപോളകളിലും എലികൾ കടിച്ചതുപോലുള്ള പരിക്കുകളുണ്ട്. സംഭവത്തിൽ സർക്കാർ ആശുപത്രിയിൽ അനാസ്ഥയെ ചോദ്യം ചെയ്ത് ആളുകൾ രംഗത്തെത്തി. വിശദമായ അന്വേഷണം ആവശ്യമാണെന്നും, പ്രാഥമിക പരിശോധനയിൽ എലികളാകാം മൃതദേഹം കടിച്ചതെന്നാണ് അനുമാനിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അൽപന ഡേ കഴിഞ്ഞ ആറര വർഷമായി വൃക്കസംബന്ധമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ചയാണ് ഇവരെ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയപ്പോഴാണ് അൽപന ഡേയുടെ മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. "മൃതദേഹം മൂടിയിരുന്ന തുണി മാറ്റിയപ്പോൾ മുഖത്തും കൈകളിലും നിരവധി പരിക്കുകൾ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അവരുടെ കൺ പോളകളുടെയും ചുണ്ടുകളുടെയും ചില ഭാഗങ്ങൾ നഷ്ടമായിരുന്നു. വിരലുകളിലും കടിയേറ്റ പാടുകളുണ്ടായിരുന്നു. എലികൾ മൃതദേഹം കടിച്ചുകീറിയതാണെന്ന് വ്യക്തമാണ്," ഒരു കുടുംബാംഗം പറഞ്ഞു.
പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു സമിതിയെ രൂപവത്കരിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ചും മേൽനോട്ടത്തിലോ പരിപാലനത്തിലോ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും സമിതി പരിശോധിക്കുമെന്ന് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. "മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്."
ആശുപത്രിയിലെ ശുചിത്വം, ഭക്ഷണ വിതരണം, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെക്കുറിച്ച് രോഗികളിൽനിന്നും ബന്ധുക്കളിൽനിന്നും ഇതിനുമുമ്പും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എന്നാൽ, സ്ത്രീയുടെ മരണത്തെക്കുറിച്ചും ശരീരത്തിലെ പരിക്കുകളെക്കുറിച്ചുമുള്ള അന്വേഷണം ഇവയിൽ നിന്ന് വേറിട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

