വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: ഡോക്ടർമാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു
text_fieldsകൊൽക്കത്ത / തിരുവനന്തപുരം: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു. കേരളത്തിലും വിവിധ മെഡിക്കൽ കോളജുകളിലടക്കം ഡോക്ടർമാർ സമരത്തിലാണ്. സമരം നേരത്തേ പ്രഖ്യാപിക്കപ്പെട്ടതിനാൽ പല ആശുപത്രികളിലും രോഗികളുടെ തിരക്ക് അൽപം കുറവാണ്.
ഐ.എം.എ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ എന്നിവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗം, ലേബർ റൂം, വാർഡ് എന്നിവ മാത്രമാണ് പ്രവർത്തിക്കുക. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകളും നടത്തും. തീയതി കൊടുത്ത മറ്റ് ശസ്ത്രക്രിയകളൊന്നും നടത്തില്ല.
കോഴിക്കോട് മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാർ ഇന്നലെ പണിമുടക്കിയിരുന്നു. മെഡി. കോളജ് ആശുപത്രി, ഡെന്‍റൽ കോളജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലെ ജൂനിയർ ഡോക്ടർമാരാണ് വെള്ളിയാഴ്ച രാവിലെ 11 വരെ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. ഒ.പി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗത്തെ സരമത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
കേസിൽ നാല് പി.ജി. ട്രെയിനി ഡോക്ടർമാരെയും ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്കിലും ലണ്ടനിലും പ്രതിഷേധം
പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം രാജ്യത്തിന് പുറത്തും. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിലും ലണ്ടനിലും കനാഡയിലും ജർമനിയലുമെല്ലാം പ്രതിഷേധം അരങ്ങേറി. ടൈംസ് സ്ക്വയറിൽ അർധ രാത്രിയാണ് പ്രതിഷേധം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

