‘ജയ് ശ്രീറാം’ വിളിക്കുന്ന രോഗികൾക്ക് ഫീസിൽ ഇളവ് പ്രഖ്യാപിച്ച് ഡോക്ടർ; 500 രൂപ ഇളവ് നൽകുമെന്ന വിവാദ പോസ്റ്റർ പുറത്ത്
text_fieldsകൊൽക്കത്ത: ‘ജയ് ശ്രീറാം’ വിളിക്കുന്ന രോഗികൾക്ക് ഫീസിൽ ഇളവ് പ്രഖ്യാപിച്ച് ഡോക്ടർ. കൊൽക്കത്തയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ. ഹസ്രയാണ് വിവാദ പ്രഖ്യാപനം നടത്തിയത്. ‘ജയ് ശ്രീറാം’ വിളിച്ചാൽ കൺസൾട്ടേഷൻ ഫീസിൽ 500 രൂപ ഇളവ് നൽകുമെന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ഡോക്ടറുടെ ക്ലിനിക്കിന് സമീപം പതിച്ചിട്ടുണ്ട്. ഈ പോസ്റ്ററിൽ ബി.ജെ.പി ഷാൾ ധരിച്ച ഹസ്രയുടെ ചിത്രവുമുണ്ട്. വിവാദ പ്രഖ്യാപനത്തെ പൂർണമായും ന്യായീകരിച്ച് കൊണ്ട് ഡോക്ടർ പറയുന്നതിങ്ങനെ, ‘ പൂർണ്ണമായും എന്റെ ആശയമാണിത്. ഏറെക്കാലമായി ഞാൻ ഇവിടെ ഡോക്ടറായി ജോലിചെയ്യുന്നുണ്ട്. ചികിത്സക്കായി ബംഗാളിൽ നിന്നുള്ള രോഗികൾ അസം, ഒഡീഷ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നത് കാണുമ്പോൾ പ്രയാസമുണ്ടാക്കുന്നു. ഈ പ്രവണതയിൽ മാറ്റം വരണം. അതിനാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചത്’. സ്വകാര്യ ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവിയാണ് ഹസ്ര. സ്വന്തമായി നടത്തുന്ന ക്ലിനിക്കിൽ വരുന്നവർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പോസ്റ്റർ തയാറാക്കി നൽകിയത് തന്റെ ഒരു പേഷ്യന്റാണ്. നേരിട്ട് ബി.ജെ.പിയുമായി ബന്ധമുള്ള ആളല്ലെന്നാണ് ഡോക്ടർ പറയുന്നത്. ഇത്തവണ പശ്ചിമ മേദിനിപൂർ ജില്ലയിലെ പിങ്ല സ്വദേശിയായ ഡോക്ടർ ഇതേ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു എന്നും അത് ലഭിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു. ഹസ്രയുടെ നീക്കത്തെ അനുകൂലിച്ച് ബി.ജെ.പി രാജ്യസഭാംഗം രാഹുൽ സിൻഹ രംഗത്തെത്തി. മറ്റ് ഡോക്ടർമാർക്കും ഇത് മാതൃകയാക്കാവുന്ന തീരുമാനം ആണെന്ന് എം.പി. പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡോ. നിർമൽ മാജി ഹസ്രയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ബി.ജെ.പിയുടെ ‘വാഷിംഗ് മെഷീനിൽകയറി ക്ലീൻ ഇമേജ് സൃഷ്ട്ടിക്കുകയാണ് ലക്ഷ്യമെന്ന് നിർമൽ മാജി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

