കോലാർ സീറ്റ്: അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി മുനിയപ്പ
text_fieldsബംഗളൂരു: കോലാർ സീറ്റിൽ തന്റെ മരുമകനെ മാറ്റിയ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് മന്ത്രി കെ.എച്ച്. മുനിയപ്പ. വിഷയത്തിൽ പാർട്ടി ഒരു പരിഹാര ഫോർമുല കാണണമായിരുന്നെന്നും പ്രാദേശികമായ ഒരാളെ സീറ്റിലേക്ക് തെരഞ്ഞെടുക്കണമായിരുന്നെന്നും മുനിയപ്പ പറഞ്ഞു.
കോലാർ സീറ്റിൽ മുനിയപ്പയുടെ മരുമകൻ ചിക്കദൊഡ്ഡണ്ണക്ക് സീറ്റു ലഭിക്കാൻ അദ്ദേഹം ചരടുവലി നടത്തിയിരുന്നു. ഇതിനെതിരെ മന്ത്രി സുധാകർ അടക്കമുള്ള നേതാക്കൾ രാജി ഭീഷണിയുമായി രംഗത്തുവന്നതോടെ പാർട്ടി തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ഇടയിലെ തർക്കങ്ങൾ പരിഹരിക്കാനാവാതെ രണ്ടുപേരുടെയും അനുയായിയല്ലാത്തയാളെയാണ് കോലാറിൽ സ്ഥാനാർഥിയാക്കിയതെന്ന് മുനിയപ്പ ചൂണ്ടിക്കാട്ടി.
തന്റെ മരുമകനായ ചിക്ക പെദ്ദണ്ണക്ക് ഒരവസരം നൽകിയാൽ അവന്റെ വിജയം താൻ ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തോട് പറഞ്ഞിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും രൺദീപ് സിങ് സുർജെ വാലയും എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
എന്നാൽ, അവർക്കൊന്നും പ്രശ്നം പരിഹരിക്കാനായില്ല - മുനിയപ്പ പറഞ്ഞു. കോലാർ മണ്ഡലത്തിൽ മുനിയപ്പയുടെയും മുൻ സ്പീക്കർ രമേശ്കുമാറിന്റെയും നേതൃത്വത്തിൽ പാർട്ടിയിൽ രണ്ടുവിഭാഗങ്ങളായാണ് നിലകൊള്ളുന്നത്. ചിക്ക പെദ്ദണ്ണക്ക് പകരം ഒരു ഗ്രൂപ്പിലുംപെടാത്ത കെ.വി. ഗൗതമിനെയാണ് സ്ഥാനാർഥിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

