എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമം ഭേദഗതി ചെയ്യണം; അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി
text_fieldsകൊല്ലം: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമക്കേസുകളിൽ ഇരകൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരവും പുനരധിവാസവും നീതിയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെടുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
2016-ൽ നിശ്ചയിച്ചിരുന്ന നഷ്ടപരിഹാര തുക പണപ്പെരുപ്പത്തിന് അനുസൃതമായി യഥാസമയം പരിഷ്കരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ നിയോഗിച്ച ടാസ്‌ക് ഫോഴ്സ് നഷ്ടപരിഹാരം വർധിപ്പിക്കൽ, പ്രത്യേക റിലീഫ്–റിഹാബിലിറ്റേഷൻ സെല്ലുകൾ, കൗൺസിലിംഗ് സഹായം, എഫ്‌ഐആറും കുറ്റപത്രവും 24 മണിക്കൂറിനകം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറൽ തുടങ്ങിയ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തിട്ടും അവ നടപ്പാക്കുന്നതിലെ കാലതാമസം ഇരകളുടെ ദുരിതം വർധിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പട്ടികജാതി കമ്മീഷനിൽ 20,000–25,000 പരാതികൾ തീർപ്പാകാതെ കിടക്കുന്നതായും, ജീവനക്കാരുടെ കുറവും അന്വേഷണത്തിലെ കാലതാമസവും ഭരണഘടനാപരമായ സംരക്ഷണ സംവിധാനത്തിന്റെ ഫലപ്രാപ്തിയെ ബാധിക്കുന്നതായും എംപി ചൂണ്ടിക്കാട്ടി.
പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഉപജീവന അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തുന്നതായി അദ്ദേഹം ആരോപിച്ചു. ഭൂമി തർക്കങ്ങൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ പരാതിക്കാർക്കെതിരെ തിരിച്ചുള്ള കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തടയാനും ആദിവാസി കുടുംബങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കാനും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989-ൽ അടിയന്തരമായി ഭേദഗതി വരുത്തി നഷ്ടപരിഹാരം പണപ്പെരുപ്പത്തിന് അനുസൃതമായി വർധിപ്പിക്കുക, അന്വേഷണത്തിനും വിചാരണയ്ക്കും സമയപരിധി കർശനമായി പാലിക്കുക, അടിയന്തര പുനരധിവാസം, നിയമസഹായം, കൗൺസിലിംഗ്, സാക്ഷി സംരക്ഷണം എന്നിവ ഉറപ്പാക്കുക, പട്ടികവർഗക്കാരുടെ ഭൂമിയും ഉപജീവനവും സംരക്ഷിക്കുക, തിരിച്ചുകേസുകൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ചത്.
നിയമം ഉണ്ടായാൽ മാത്രം പോരെന്നും അതിന്റെ സംരക്ഷണം ഇരകൾക്ക് സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങളുടെ പേരിലുള്ള കാലതാമസം നിയമത്തിന്റെ സംരക്ഷണ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുകയാണെന്നും എംപി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

