കൊടകര കുഴൽപ്പണക്കേസ് കുറ്റപത്രത്തിന് നാളേക്ക് ഒരുവർഷം; മിണ്ടാട്ടമില്ലാതെ ഇ.ഡി
text_fieldsതൃശൂർ: ബി.ജെ.പി നേതാക്കൾ പ്രതിസ്ഥാനത്തുള്ള കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ കുറ്റപത്രം സമർപ്പിച്ചിട്ട് ശനിയാഴ്ച ഒരുവർഷം. അന്തർ സംസ്ഥാന കുഴൽപ്പണ കടത്തായതിനാൽ അന്വേഷിക്കണമെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആഭ്യന്തര വകുപ്പ് നൽകിയ കത്ത് ഇപ്പോഴും 'പരിശോധിച്ചുകൊണ്ടിരിക്കുകയാണ്'. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസിൽനിന്നോ കോടതിയിൽനിന്നോ ഒരുരേഖയും ഇ.ഡി ഇതുവരെ ശേഖരിച്ചിട്ടില്ല.
2021 ഏപ്രിൽ മൂന്നിന് പുലർച്ചയാണ് തെരഞ്ഞെടുപ്പുചെലവിന് കർണാടകയിൽനിന്ന് എത്തിച്ച മൂന്നര കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്.
തട്ടിയെടുത്ത സംഘത്തിലെ സ്ത്രീകളടക്കം 22 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് രണ്ട് കോടിയോളം രൂപ കണ്ടെത്തി.
ബാക്കി പണത്തെക്കുറിച്ചും പണം വന്നത് എവിടെനിന്ന്, ആർക്കുവേണ്ടി എന്നീ കാര്യങ്ങളിലും വ്യക്തതയില്ല. പണം ബി.ജെ.പി കേരളത്തിൽ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്നും സംസ്ഥാന നേതാക്കളുടെയടക്കം അറിവോടെയാണ് എത്തിച്ചതെന്നുമുള്ള കേരള പൊലീസിന്റെ നിഗമനങ്ങൾ കേന്ദ്ര ഏജൻസിക്ക് കൈമാറിയെങ്കിലും ഇ.ഡി പ്രാഥമികാന്വേഷണത്തിനുപോലും തയാറായിട്ടില്ല.
കഴിഞ്ഞ വർഷം ജൂലൈ 23ന് കേസിൽ ആദ്യ കുറ്റപത്രവും സെപ്റ്റംബറിൽ അധിക റിപ്പോർട്ടും കൈമാറി.
അറസ്റ്റിലായ മുഴുവൻ പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. സെപ്റ്റംബറിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്തതിൽ കുറച്ചുകൂടി പണം കണ്ടെടുത്തു, ഒരാളെകൂടി പ്രതിചേർത്തു. പിന്നീട് ഒന്നും ഉണ്ടായിട്ടില്ല.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കൾ പൊലീസിന്റെ കുറ്റപത്രത്തിൽ സാക്ഷികളാണ്. ധര്‍മരാജന്റെ ഫോണ്‍ കാളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സുരേന്ദ്രനിലേക്ക് എത്തിയത്. സുരേന്ദ്രനെ ചോദ്യം ചെയ്യുകയുമുണ്ടായി.
കേസുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ സി.പി.എം എം.പി ഡോ. വി. ശിവദാസന്റെ ചോദ്യത്തിന് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നത് പൊതുതാൽപര്യത്തിന് എതിരാണെന്നും അത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും ഇ.ഡി പ്രാഥമികാന്വേഷണം തുടങ്ങിയെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്.
എന്നാൽ, സ്വർണക്കടത്ത് കേസും നാഷനൽ ഹെറാൾഡ് കേസും 'മുറുക്കി'നിർത്തുന്ന ഇ.ഡിക്ക് കൊടകര കേസിൽ താൽപര്യമില്ലാത്ത മട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

