ബ്രഹ്മപുരത്തെ അഴിമതി സി.ബി.ഐ അന്വേഷിക്കണം -ജാവ്ദേകർ
text_fieldsന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിലെ വൻ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും മുൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്ദേകർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്തെ കരാർ ത്രിപുരയിലെ കോൺഗ്രസ്-സി.പി.എം സഖ്യം പോലെയാണെന്നും മുഖ്യ കരാർ എൽ.ഡി.എഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനും ഉപകരാർ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ. വേണുഗോപാലിന്റെ മരുമകനുമാണെന്നും ജാവ്ദേകർ ആരോപിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങളും വഴിവിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. സോൺട ഇൻഫ്രടെക് കമ്പനിക്ക് 54 കോടിക്ക് കരാർ നൽകിയത് ഒമ്പതുമാസം കൊണ്ട് പൂർത്തിയാക്കാനാണ്. അവർ അരശ് മീനാക്ഷി എൻവിറോ കെയർ എന്ന കമ്പനിക്ക് ഉപകരാർ നൽകിയത് 22 കോടിക്കാണ്. ഒന്നും ചെയ്യാതെ 32 കോടി രൂപ പോക്കറ്റിലാക്കി. ഖരമാലിന്യ സംസ്കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ ദൂഷ്യഫലമാണ് കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും ജാവ്ദേകർ പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.