You are here

പ്രധാന കക്ഷികൾ ആരൊക്കെ ‍? വാദങ്ങൾ എന്തൊക്കെ ?

10:34 AM
09/11/2019
babri-land-101019.jpg

നിർമോഹി അഖാഡ 
സ്വന്തം ആചാരങ്ങളും വിശ്വാസങ്ങളുമുള്ള ഹിന്ദുമത പ്രസ്ഥാനമാണു നിര്‍മോഹി അഖാഡ. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന, ഈ സന്യാസി വിഭാഗത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ വിഭാഗങ്ങളായി പിരിഞ്ഞ അഖാഡകളില്‍ വിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്ന വിഭാഗങ്ങളുണ്ട്. ഇതില്‍ വിഷ്ണുവിനെ ആരാധിക്കുന്നവരാണ് അയോധ്യ ആസ്ഥാനമായ നിര്‍മോഹി അഖാഡക്കാര്‍. 
ചരിത്രാതീത കാലം മുതൽക്കേ രാമജന്മഭൂമി തങ്ങളുടേതാണെന്നാണ് നിർമോഹി അഖാഡക്കാർ വാദിക്കുന്നത്. 1934 മുതൽ ബാബറി മസ്ജിദിലേക്ക് മുസ്ലിങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിന് ശേഷം മുസ്ലിങ്ങൾ അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ചിട്ടില്ല. 1934 മുതൽ 1949 വരെ ഈ പ്രദേശം അഖാഡയുടെ മാത്രം ഉടമസ്ഥതയിലായിരുന്നു. എന്നാൽ, അവകാശം തെളിയിക്കാനുള്ള രേഖകൾ 1982ൽ നടന്ന കവർച്ചയിൽ നഷ്ടമായി. 1949ൽ മാത്രമാണ് രാംലല്ല ഉൾപ്പടെയുള്ള പ്രതിഷ്ഠകൾ അവിടെ സ്ഥാപിച്ചത്. അതിനും നൂറുകണക്കിന് വർഷങ്ങൾ മുമ്പേ ഉടമകൾ അഖാഡ തന്നെയായിരുന്നു. വിധി ഏതെങ്കിലും ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധന നടത്താനുള്ള അവകാശം അഖാഡക്ക് നൽകണം. 
തർക്കസ്ഥലത്തിന് പുറത്ത് മുസ്ലിം കക്ഷികൾക്ക് പള്ളി പണിയാൻ സർക്കാർ സ്ഥലം അനുവദിക്കണമെന്നും അഖാഡ വാദിക്കുന്നു. 

രാംലല്ല വിരാജ്മാൻ 

ഹിന്ദു മഹാസഭ നേതൃത്വം നൽകുന്ന ഈ വിഭാഗം ഹിന്ദു ദൈവമായ രാമനെ പ്രതിനിധീകരിക്കുന്നു. ഹിന്ദു മതത്തിൽ വിശുദ്ധമായ ആരാധനാ സ്ഥലത്തിന് പ്രതിഷ്ഠ നിർബന്ധമില്ല. ദൈവത്തിന്‍റെ ജന്മസ്ഥലം തന്നെ പ്രതിഷ്ഠയാണ്. 
പള്ളി പണിതു എന്നത് കൊണ്ട് രാമജന്മഭൂമിയുടെ വിശുദ്ധി നഷ്ടമാകില്ല. രാമജന്മഭൂമി അയോധ്യയാണെന്ന് പുരാതന യാത്രാവിവരണങ്ങളും രേഖകളും പറയുന്നു. അനേകം തൂണുകളുള്ള വലിയ മണ്ഡപം നിലനിന്നിരുന്ന സ്ഥലത്താണ് പള്ളിയുണ്ടാക്കിയതെന്ന് പുരാവസ്തു ഗവേഷണ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. തൂണുകളിൽ ദൈവരൂപം ഉണ്ടായിരുന്നു. മുസ്ലിം പള്ളിയിൽ ഇത്തരം ചിത്രങ്ങൾ ഉണ്ടാവില്ലെന്നും രാംലല്ല വിരാജ്മാൻ വാദിക്കുന്നു. 

സുന്നി വഖഫ് ബോർഡ്

1934ൽ ബാബറി മസ്ജിദ് ആക്രമിക്കുകയും ’49ൽ അതിക്രമിച്ചുകയറുകയും 92-ൽ പൊളിക്കുകയും ചെയ്ത ഹിന്ദുക്കൾ ഇപ്പോൾ അയോധ്യയിലെ തർക്കഭൂമിയിൽ അവകാശമുന്നയിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ് വാദിക്കുന്നു. രാമായണത്തിലോ രാമചരിതമാനസത്തിലോ രാമന്‍റെ ജന്മഭൂമി കൃത്യമായി എവിടെയാണെന്ന് പറയുന്നില്ല. തർക്കഭൂമിയിലെ കെട്ടിടം എന്തായിരുന്നുവെന്ന് തീർച്ചപ്പെടുത്താനാവില്ലെന്നാണ് പുരാവസ്തു ഗവേഷക വകുപ്പിന്‍റെയും മറ്റു വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് ഹൈക്കോടതി പറഞ്ഞത്. 
1949ൽ ബാബറി മസ്ജിദിനകത്ത് വിഗ്രഹങ്ങൾ സ്ഥാപിക്കാൻ ആസൂത്രിതവും വഞ്ചനാപരവുമായ ആക്രമണങ്ങൾ നടന്നു. 
ഹിന്ദുക്കൾ അനുവദിക്കാത്തതുകൊണ്ടാണ് മുസ്‌ലിങ്ങൾക്ക് 1934-ന് ശേഷം അവിടെ നിസ്കരിക്കാൻ സാധിക്കാത്തത്. 
ഒഴിഞ്ഞസ്ഥലത്താണ് പള്ളി നിർമിച്ചത്. അവിടെ ക്ഷേത്രമുണ്ടായിരുന്നെങ്കിൽത്തന്നെ വളരെക്കാലം മുമ്പ്‌ അത് അപ്രത്യക്ഷമായിരുന്നു. രാമക്ഷേത്രം ബാബർ തകർത്തതായി എവിടെയും പറയുന്നില്ലെന്നും സുന്നി വഖഫ് ബോർഡ് വാദിക്കുന്നു. 

ഗോപാൽ സിങ് വിശാരദ്

ക്ഷേത്രസ്ഥലത്ത് കാലങ്ങളായി ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നത് തന്‍റെ പൂർവികരാണെന്നും രാമജന്മ ഭൂമിയിൽ പ്രാർഥന നടത്തുകയെന്നത് തന്‍റെ ഭരണഘടനാപരമായ അവകാശമാണെന്നും ഗോപാൽ സിങ് വിശാരദ് വാദിക്കുന്നു. 

ഷിയാ വഖഫ് ബോർഡ് 

തർക്കസ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നാണ് ഷിയാ വഖഫ് ബോർഡിന്‍റെ വാദം. തർക്കസ്ഥലത്തിന്‍റെ യഥാർഥ ഉടമ ഷിയാ വഖഫ് ബോർഡാണ്, സുന്നി വഖഫ് ബോർഡല്ല. അലഹാബാദ് ഹൈക്കോടതി ഉത്തരവിൽ സുന്നി വഖഫ് ബോർഡിന് നൽകിയ ഭൂമി ഹിന്ദു കക്ഷികൾക്ക് നൽകണമെന്നും ഇവർ വാദിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചിട്ടാണ് അവിടെ ബാബറി മസ്ജിദ് പണിതത്. 

ഹിന്ദു മഹാസഭ

തർക്കസ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്‍റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി ട്രസ്റ്റ് രൂപവത്കരിക്കണം. ട്രസ്റ്റിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും ഹിന്ദു മഹാസഭ വാദിക്കുന്നു. 
 

Loading...
COMMENTS