ബിഹാറിൽ മഹാസഖ്യത്തിന്റെ വിജയം പ്രവചിച്ച് ജേണോ മിറർ; ഭൂരിഭാഗം എക്സിറ്റ് പോളുകളും എൻ.ഡി.എയെ പിന്തുണച്ചപ്പോൾ മാറിച്ചിന്തിച്ചത് ഒന്നുമാത്രം
text_fieldsപട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും എൻ.ഡി.എ സഖ്യത്തിന്റെ അധികാരത്തുടർച്ചയാണ് പ്രവചിച്ചത്. എന്നാൽ തേജസ്വി-രാഹുൽ കൂട്ടുകെട്ടിലുള്ള മഹാസഖ്യത്തിന്റെ വിജയം പ്രവചിച്ച് ജേണോ മിറർ ഇക്കൂട്ടർക്കിടയിൽ വേറിട്ടതായി. ഹിന്ദി ന്യൂസ് പോർട്ടലായ ജേമോ മിററിന്റെ എക്സിറ്റ് പോളിൽ മഹാസഖ്യം 130 മുതൽ 140 വരെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ്. എൻ.ഡി.എയുടെ സീറ്റ് 100-110 സീറ്റുകളിലൊതുങ്ങുമെന്നും അവർ പ്രവചിക്കുന്നു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്നുമുതൽ നാലു സീറ്റുകൾ വരെ നേടുമെന്നും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് അടക്കമുള്ള മറ്റുപാർട്ടികൾക്ക് മൂന്ന് സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നുമാണ് ജേണോ മിററിന്റെ സർവേ ഫലം.
2021മുതലാണ് ഹിന്ദി ന്യൂസ് ആൻഡ് ഇൻഫർമേഷൻ സർവീസായ ജേമോ മിറർ ആരംഭിച്ചത്. ഗൂഗ്ൾ ജെമിനി എ.ഐ ടൂൾ ഉപയോഗിച്ചായിരുന്നു ഇവർ സർവേ നടത്തിയത്. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളായ ദലിതുകളുടെയും മുസ്‍ലിംകളുടെയും പ്രശ്നങ്ങളുമാണ് ജേണോ മിറർ കവർ ചെയ്യുന്നത്. സാമൂഹിക നീതി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബദൽ മാധ്യമമാണ് ജേണോ മിററർ.
ദൈനിക് ഭാസ്കർ, മാട്രിസ്, പീപ്ൾസ് ഇൻസൈറ്റ്, പീപ്ൾസ് പൾസ് അടക്കം ഏഴ് എക്സിറ്റ് പോളുകളാണ് എൻ.ഡി.എയുടെ വിജയം പ്രവചിച്ചത്. എൻ.ഡി.എക്ക് 145-160 സീറ്റുകൾ ലഭിക്കുമെന്നാണ് ദൈനിക് ഭാസ്കറിന്റെ പ്രവചനം. മഹാസഖ്യത്തിന് 73-91 സീറ്റുകൾ വരെ ലഭിക്കാമെന്നും അവർ വിലിരുത്തുന്നു. ജൻസൂരജിന് 0-3 ഉം മറ്റ് പാർട്ടികൾക്ക് 5-10 വരെ സീറ്റുകൾ ലഭിച്ചേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.
എൻ.ഡി.എക്ക് 147-167 സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് മാട്രിസിന്റെ സർവേ ഫലം. മഹാസഖ്യത്തിന് 70-90 സീറ്റുകൾ ലഭിക്കുമെന്നും അവർ പ്രവചിക്കുന്നു. ജൻ സുരാജ് പാർട്ടി 0-2ഉം മറ്റ് പാർട്ടികൾക്ക് 2-8 ഉം സീറ്റുകൾ കിട്ടുമെന്നാണ് കരുതുന്നത്.
പീപ്ൾസ് ഇൻസൈറ്റിന്റെ കണക്കനുസരിച്ച് എൻ.ഡി.എക്ക് 133-148 വരെ സീറ്റുകൾ ലഭിക്കും. മഹാസഖ്യത്തിന് 87-102ഉം. ജൻസുരാജിന് 0-2, മറ്റുള്ളവർ 3-6 എന്നിങ്ങനെയാണ് കണക്ക്.
എൻ.ഡി.എക്ക് 133-159 സീറ്റുകളും മഹാസഖ്യത്തിന് 75-101 സീറ്റുകളും ജൻസുരാജിന് 0-5ഉം മറ്റുള്ളവർക്ക് 2-8ഉം സീറ്റുകളാണ് പീപ്ൾസ് പൾസ് പ്രവചിക്കുന്നത്. എന്നാൽ ഈ എക്സിറ്റ് പോളുകൾ കോൺഗ്രസ് തള്ളിയിരുന്നു.
ബിഹാറിലെ 243 അംഗ നിയമസഭയിൽ 122സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാൻ വേണ്ടത്. ഒറ്റക്കു തന്നെ എൻ.ഡി.എക്ക് കേവല ഭൂരിപക്ഷം തികക്കാൻ കഴിയുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. മഹാസഖ്യത്തിന് 100 സീറ്റുകൾ പോലും ഒറ്റ സർവേയും പ്രവചിക്കുന്നില്ല.
സംസ്ഥാനത്ത് നവംബർ ആറ്, 11 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂർത്തീകരിച്ചത്. അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോളുകൾ പുറത്തുവന്നത്. നവംബർ 14ന് ഫലമറിയാം. കനത്ത പോളിങ്ങാണ് രണ്ടുഘട്ടത്തിലും രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ വൈകീട്ട് അഞ്ച് മണിവരെ 67.14ശതമാനമാണ് പോളിങ്. രണ്ടാം ഘട്ടത്തിൽ 45,399 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

