അമേത്തിയിൽ സ്മൃതി ഇറാനിയെ തോൽപ്പിക്കാൻ കെ.എൽ ശർമ്മ തന്നെ ധാരാളം -അശോക് ഗെഹ്ലോട്ട്
text_fieldsന്യൂഡൽഹി: അമേത്തി ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി എം.പി സ്മൃതി ഇറാനിയെ തോൽപ്പിക്കാൻ കെ.എൽ ശർമ്മ തന്നെ മതിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മണ്ഡലത്തിൽ കഴിഞ്ഞ 40 വർഷമായി പരിചിതമായ മുഖമാണ് കെ.എൽ ശർമ്മയുടേതെന്നും ഗെഹ്ലോട്ട് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാറ്റിയാണ് കെ.എൽ ശർമ്മയെ അമേത്തിയിൽ പാർട്ടി സ്ഥാനാർഥിയാക്കിയത്.
രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും മത്സരിക്കുന്നില്ല. പക്ഷേ അത് കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കില്ല. കാരണം താഴെ തട്ട് മുതൽ മണ്ഡലത്തിൽ പ്രവർത്തിച്ചയാളാണ് കെ.എൽ ശർമ്മ. സ്മൃതി ഇറാനിയെ തോൽപ്പിക്കാൻ ശർമ്മ തന്നെ ധാരാളം. റായ്ബറേലി സീറ്റിൽ നിന്നും രാഹുൽ ഗാന്ധി വിജയിക്കും. ജനങ്ങളുടെ ക്ഷേമത്തിനായി മണ്ഡലത്തിൽ പ്രവർത്തിച്ചയാളാണ് ശർമ്മ. ഇതിനേക്കാൾ നല്ലൊരു സ്ഥാനാർഥി കോൺഗ്രസിന് അമേത്തിയിൽ ഇല്ലെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് വിജയിക്കും. രണ്ടിടത്തും ഏകപക്ഷീയമായ പോരാട്ടമാണ് നടക്കുന്നത്. 2014 രാഹുലിനെതിരെ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ സ്മൃതിക്ക് കഴിഞ്ഞു. അതാണ് അവരുടെ 2019ലെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്താവുമെന്ന് ഉറപ്പാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോൽക്കുകയായിരുന്നു. വയനാട് മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കാനായെങ്കിലും അമേത്തിയിലെ അഗ്നിപരീക്ഷ മറികടക്കാൻ രാഹുലിനായില്ല. തുടർന്ന് 2024ലെ തെരഞ്ഞെടുപ്പിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽ മണ്ഡലം മാറിയിരുന്നു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്കാണ് രാഹുൽ ചുവടുമാറ്റം നടത്തിയത്. രാഹുൽ കാലങ്ങളായി മത്സരിച്ചിരുന്ന അമേത്തിയിൽ കെ.എൽ ശർമ്മയെ സ്ഥാനാർഥിയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

