
ചുംബിക്കലും തലോടലും പ്രകൃതിവിരുദ്ധ കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ചുണ്ടിൽ ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി 377 പ്രകാരം പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങളല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈകോടതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ജാമ്യം നൽകി.
14കാരന്റെ പിതാവിന്റെ പരാതി പ്രകാരമാണ് പ്രതിയെ കഴിഞ്ഞവർഷം അറസ്റ്റു ചെയ്തത്. മുംബൈയിൽ കട നടത്തുകയാണ് പ്രതി. ഇയാളുടെ കടയിൽ ഓൺലൈൻ ഗെയിം റീചാർജ് ചെയ്യാനും മറ്റും കുട്ടി എത്താറുണ്ട്. ഇവിടെ വെച്ച് ലൈംഗികാതിക്രമം നടന്നതായാണ് കേസ്.
കുട്ടിയുടെ വൈദ്യ പരിശോധന ഫലം ലൈംഗികാതിക്രമം നടന്നതായി വ്യക്തമാക്കുന്നില്ലെന്ന് ജസ്റ്റിസ് അനുജ പ്രഭു ദേശായി നിരീക്ഷിച്ചു. നിലവിലെ കേസിൽ പ്രകൃതി വിരുദ്ധ ലൈംഗികതയുള്ളതായി പ്രഥമ ദൃഷ്ട്യാ പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. പ്രതി ഒരു വർഷം കസ്റ്റഡിയിൽ കഴിഞ്ഞതും വിചാരണ ഉടൻ തുടങ്ങാനിടയില്ലെന്നും കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.