കിസാൻ മഹാപഞ്ചായത്ത്: ശംഭു അതിർത്തി അടച്ച് ഹരിയാന സർക്കാർ
text_fieldsന്യൂഡൽഹി: നിർദ്ദിഷ്ട ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് പുറപ്പെട്ട കർഷകരെ തടയാൻ ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭു അടച്ച് ഹരിയാന സർക്കാർ. അതിർത്തി പോയിന്റിൽ കനത്ത പൊലീസ് സന്നാഹം വിന്യവിച്ചു. ഇവിടെ ബാരിക്കേടുകൾ സ്ഥാപിക്കുകയും ഘഗ്ഗർ നദിയിലെ പാലത്തിൽ സിമന്റ് കട്ടകൾ വെച്ച് അടയ്ക്കുകയും ചെയ്തു. യാതൊരു മുൻമുന്നറിയിപ്പുമില്ലാതെയാണ് അന്തർസംസ്ഥാന അതിർത്തി അടച്ചതെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ഇത് ദേശീയപാതയിലും ചണ്ഡീഗഡ്-രാജ്പുറ ഹൈവേയിലും ഗതാഗതക്കുരുക്കുണ്ടാക്കി. നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. ഹരിയാന സർക്കാർ എല്ലാവർക്കും പ്രവേശനം തടഞ്ഞുവെന്നും പഞ്ചാബ് ഭാഗത്തുനിന്നുള്ള ഒരു വാഹനങ്ങളും കടത്തിവിടുന്നില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ (ഷഹീദ് ഭഗത് സിങ്) വക്താവ് തേജ്വീർ സിങ് ആരോപിച്ചു.
കർഷകരെ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ, ശംഭു അതിർത്തിയിൽ ബാരിക്കേഡ് തീർത്ത ഹരിയാന സർക്കാരിന്റെ നടപടിയെ കർഷക നേതാവ് സർവൻ സിങ് പന്ധറും രൂക്ഷമായി വിമർശിച്ചു. സമാധാനപരമായി ഡൽഹിയിലേക്ക് പോകാനാണ് കർഷകർ ആഗ്രഹിച്ചതെന്നും എന്നാൽ ഹരിയാന സർക്കാർ ശംഭു അതിർത്തിയിൽ അവരെ തടയുകയാണെന്നും ഫത്തേഗഡ് സാഹിബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പന്ധർ പറഞ്ഞു. പഞ്ചാബ് സന്ദർശിക്കുകയും അവിടത്തെ ജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയുടെ യഥാർഥ മുഖമാണ് ഈ റോഡ് തടസ്സപ്പെടുത്തൽ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശംഭു അതിർത്തിയിൽ എത്തിയ ശേഷം മറ്റ് കർഷക നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും ഭാവി സമരപരിപാടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഡൽഹിയിലെ കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഭാരതീയ കിസാൻ യൂണിയൻ (ചരുണി) അധ്യക്ഷൻ ഗുർനം സിങ് ചരുണിയെ തിങ്കളാഴ്ച ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് പല സ്ഥലങ്ങളിലും പ്രതിഷേധത്തിന് കാരണമായി. പെഹോവയ്ക്ക് സമീപമുള്ള ദേശീയ പാത-152ഡിയിൽ വെച്ചാണ് ചരുണിയുടെ വാഹനം പൊലീസ് തടഞ്ഞതെന്ന് ബി.കെ.യു വക്താവ് പ്രിൻസ് വരായിച്ച് പറഞ്ഞു. പെഹോവ സദർ എസ്.എച്ച്.ഒ സതീഷ് കുമാർ ചരുണിയെ കസ്റ്റഡിയിലെടുത്ത കാര്യം സ്ഥിരീകരിച്ചെങ്കിലും അതിനുള്ള കാരണം വ്യക്തമാക്കാൻ തയ്യാറായില്ല. പെഹോവയിൽ നിന്ന് ബസിൽ ഡൽഹിയിലേക്ക് മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ യാത്ര ചെയ്യുകയായിരുന്ന കർഷക സംഘത്തെ കുരുക്ഷേത്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബും ഹരിയാനയും ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്ന് കർഷക നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. ‘ദേശ് ബച്ചാവോ മോർച്ച’യുടെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ രാജ്യത്തുടനീളമുള്ള 550ഓളം കർഷക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു.
പ്രതിഷേധം ആഹ്വാനം ചെയ്തതിനെത്തുടർന്ന് ഡൽഹി ട്രാഫിക് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹി ഗേറ്റ്, രാജ്ഘട്ട് ക്രോസിങ്, ഗുരുനാനാക് ചോക്ക്, ശാന്തിവൻ ചോക്ക്, രാജ്ഘട്ട് ഡി.ടി.സി ഡിപ്പോ, ഐ.പി ഫ്ലൈഓവർ എന്നിവിടങ്ങളിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടേക്കുമെന്നാണ് അറിയിപ്പ്. സത്യാഗ്രഹ മാർഗ്, വെലോഡ്രോം റോഡ്, രാജ്ഘട്ട് ഡി.ടി.സി ഡിപ്പോ റോഡ്, രാജ്ഘട്ട് ഡി.ടി.സി ബൈപാസ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ മറ്റ് പ്രധാന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും തത്സമയ ട്രാഫിക് അപ്ഡേറ്റുകൾക്കായി നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് പൊലീസ് അഭ്യർഥിച്ചു.
പുതിയ വ്യാപാര കരാർ ഇന്ത്യൻ കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കനത്ത തിരിച്ചടിയാകുമെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (പഞ്ചാബ്) നേതാവ് ജർമൻജിത് സിങ് ബണ്ഡാല ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ചെറുതും നാമമാത്രവുമായ കർഷകരുടെ താൽപര്യങ്ങൾ പൂർണമായി അവഗണിച്ച്, അമേരിക്കൻ കമ്പനികൾക്കും കർഷകർക്കും ലാഭമുണ്ടാക്കിക്കൊടുക്കാൻ ലക്ഷ്യമിട്ടാണ് ഈ കരാർ രൂപകൽപന ചെയ്തിരിക്കുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുയാണെങ്കിൽ, ചെറിയ കർഷകർക്ക് അതിനോട് മത്സരിക്കാനാകില്ല. ഇത് കർഷകരുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. മുൻ സർക്കാരുകൾ വിദേശ സ്വാധീനങ്ങളിൽനിന്ന് കാർഷിക മേഖലയെ സംരക്ഷിച്ചിരുന്നുവെന്നും എന്നാൽ നിലവിലെ കേന്ദ്ര സർക്കാർ യു.എസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാപാര കരാറുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരാറിന്റെ പ്രത്യാഘാതം കൃഷിയിൽ മാത്രം ഒതുങ്ങില്ലെന്നും മറ്റ് മേഖലകളിലെ ചെറുകിട ബിസിനസുകളെയും തൊഴിലവസരങ്ങളെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാരെ ഡൽഹിയിലേക്ക് കടക്കുന്നതിൽ നിന്ന് അധികൃതർ തടയുകയാണെങ്കിൽ, തടയുന്ന സ്ഥലങ്ങളിൽ തന്നെ സമാധാനപരമായി തടിച്ചുകൂടി ജനങ്ങളിൽ ബോധവൽക്കരണം തുടരുമെന്നും ബണ്ഡാല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

