50 കോടി രൂപ വിലയുള്ള സർക്കാർ ഭൂമി ഒമ്പത് കോടി രൂപക്ക് വിറ്റു; രാജസ്ഥാനിൽ ബി.ജെ.പിക്കുമേൽ സ്വന്തം മന്ത്രിയുടെ ‘ബോംബ്’
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ രാജസ്ഥാനിൽ ബി.ജെ.പിക്കുമേൽ സ്വന്തം മന്ത്രിയുടെ ‘ അഴിമതി ബോംബ്’. കിഴക്കൻ ജില്ലകളിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിക്കിടയിൽ ആരുമറിയാതെ 50 കോടി രൂപ വിലയുള്ള സർക്കാർ ഭൂമി സർക്കാർ കേവലം ഒമ്പത് കോടി രൂപക്ക് വിറ്റതിനെതിരെ രാജസ്ഥാൻ കൃഷി മന്ത്രി കിരോഡിലാൽ മീണ മുഖ്യമന്ത്രി ഭജൻ ലാൽ ശർമക്ക് കത്തെഴുതി. നിയമവിരുദ്ധമായ ഭൂമി വിൽപന അടിയന്തരമായി റദ്ദാക്കി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മീണ കത്തിൽ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ കിഴക്കൻ ജില്ലകളിലേക്ക് വെള്ളമെത്തിക്കാനുള്ള ഈസ്റ്റേൺ രാജസ്ഥാൻ കനാൽ പ്രോജക്ടിന്റെ (ഇ.ആർ.സി.പി) മറവിലാണ് ആരുമറിയാതെ സർക്കാർ ഭൂമി തുച്ഛവിലക്ക് വിറ്റതെന്ന് മീണ മുഖ്യമന്ത്രിക്കയച്ച കത്തിൽ ബോധിപ്പിച്ചു. കോടികളുടെ കളികളാണിതിൽ നടന്നത്. അൽവർ പട്ടണത്തിൽനിന്ന് ഇ.ആർ.സി.പിയിലേക്കുള്ള റോഡിൽ ഡൽഹി കമ്പനിയുമായി ചേർന്ന് നടത്തിയ ഭൂമി വിൽപനക്കുപിന്നിൽ പ്രവർത്തിച്ചത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ്. 35 കോടിയിലേറെ നഷ്ടമാണ് ഈ ഭൂമി വിൽപനയിലൂടെ ഉണ്ടായതെന്നും മീണ വ്യക്തമാക്കി. 19ന് 12 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ രാജസ്ഥാനിൽ അവശേഷിക്കുന്ന 13 സീറ്റുകളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് കൃഷി മന്ത്രി കിരോഡിലാൽ മീണയുടെ ഗുരുതരമായ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

