‘രാംലീല മൈതാനത്തെ ജനക്കൂട്ടം എ.ഐ നിർമിതം’; ഇൻഡ്യ സഖ്യത്തിന്റെ റാലിക്കെതിരെ ആരോപണവുമായി കിരൺ റിജിജു
text_fieldsകിരൺ റിജിജു
ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ വൻ ജനക്കൂട്ടമുണ്ടായിരുന്നുവെന്ന് കാണിക്കാൻ കോൺഗ്രസ് എ.ഐ ഉപയോഗിച്ച് വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. എ.ഐ ഉപയോഗിച്ച് ചിത്രം നിർമിച്ചപ്പോൾ പോലും അത് കൃത്യമായി തയാറാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു റിജിജുവിന്റെ വിമർശനം. റാലിയുടെ ജനപങ്കാളിത്തത്തെച്ചൊല്ലി ബി.ജെ.പി-കോൺഗ്രസ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന വാക്പോരിനിടെയാണ് റിജിജുവിന്റെ പരാമർശം.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആർ എന്നിവക്കെതിരെ ഞായറാഴ്ചയാണ് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇൻഡ്യ സഖ്യം വൻ റാലി സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തു. മിന്റോ റോഡ്-കണോട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് രാംലീല മൈതാനത്തേക്കാണ് നീങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും പരിപാടിക്കായി ഒത്തുചേർന്നതായി റിപ്പോർട്ടിൽ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയും റാലിയിൽ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. വോട്ടുകൊള്ളക്ക് അദ്ദേഹം കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച രാഹുൽ, ഒരിക്കൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി ജയിലിലടക്കുമെന്നും പറഞ്ഞു. രാജ്യത്തിന്റെ ശബ്ദമാണ് റാലിയിലൂടെ ഉയരുന്നതെന്നും ഇത് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ മാത്രം പ്രതിഷേധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, റാലിയിലെ ജനപങ്കാളിത്തത്തെച്ചൊല്ലി ബി.ജെ.പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. റാലിയിൽ പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്ന ഇന്ത്യ സഖ്യത്തിന്റെ അവകാശവാദത്തെ ബി.ജെ.പി എം.പി സംബിത് പത്ര ചോദ്യം ചെയ്തു. മൈതാനത്തിന്റെ വലിയൊരു ഭാഗം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വേദിയിൽ ആകെയുണ്ടായിരുന്ന 28,000 കസേരകളിൽ വൈകീട്ട് 3.30നും നാലിനും ഇടയിൽ 5,000 മുതൽ 7,000 വരെ ഒഴിഞ്ഞുകിടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈതാനത്തിന്റെ 40 ശതമാനത്തോളം ഭാഗം ശൂന്യമായിരുന്നുവെന്നും സംബിത് പത്ര അവകാശപ്പെട്ടു.
റാലിയിലെ യഥാർഥ ജനപങ്കാളിത്തത്തെക്കുറിച്ചുള്ള രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് എ.ഐ ചിത്രം ഉപയോഗിച്ചെന്ന ആരോപണവുമായി കിരൺ റിജിജുവും രംഗത്തെത്തിയത്. കോൺഗ്രസ് നേതാക്കളുടെ അവകാശവാദങ്ങളും ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങളും തമ്മിലുള്ള വാക്പോരായി സംഭവം മാറിയിരിക്കുകയാണ്.

