ഇസ്രായേൽ-ഇറാൻ സംഘർഷം ഹജ്ജ് തീർഥാടകരുടെ വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമായി -കിരൺ റിജിജു
text_fieldsകിരൺ റിജിജു
ന്യൂഡൽഹി: ഹജ്ജ് യാത്രാ നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ആഗോളതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി വിമാനക്കമ്പനികൾ വലിയ തുക വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, സർക്കാരിന്റെ ഇടപെടൽ മൂലം അത് ഗണ്യമായി കുറക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു.
ഇറാൻ-ഇസ്രായേൽ സംഘർഷം ഉൾപ്പെടെയുള്ള കാരണങ്ങൾ മുൻനിർത്തി വിമാനക്കമ്പനികൾ തുടക്കത്തിൽ 400 ഡോളറിന്റെ (ഏകദേശം 37,964 രൂപ) വർധനവാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ നടത്തിയ ചർച്ചകൾക്കൊടുവിൽ വർധനവ് ഒരുപരിധിവരെ കുറക്കാൻ സാധിച്ചു. നിലവിൽ ഹജ്ജ് കമ്മിറ്റി വഴി പോകുന്നവർക്ക് വർധനവ് 100 ഡോളറായി (ഏകദേശം 10,000 രൂപ) കുറച്ചു. അതേസമയം, സ്വകാര്യ ഗ്രൂപ്പുകൾ വഴി പോകുന്നവർക്ക് വർധനവ് 150 ഡോളറായി (ഏകദേശം 14,500 രൂപ) നിജപ്പെടുത്തിയെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തീർഥാടകർക്ക് ഹജ്ജ് കർമ്മം തടസ്സപ്പെടാതിരിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഹജ്ജ് കർമത്തിനായി എത്തിയ തീർഥാടകരുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിലും മന്ത്രി വ്യക്തത വരുത്തി. റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് മരണങ്ങളിൽ മൂന്നെണ്ണം ഇമിഗ്രേഷൻ നടപടികൾക്ക് മുൻപ് തന്നെ ഹൃദയസ്തംഭനം മൂലം സംഭവിച്ചതാണെന്നും, ഇതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ അശ്രദ്ധയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ ഇന്ത്യൻ മിഷൻ പ്രാദേശിക അധികൃതരുമായി ചേർന്ന് തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും കിരൺ റിജിജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

